ന്യൂദൽഹി- കോറോണയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാനങ്ങളുമായി നടത്തിയ ആദ്യ വീഡിയോ കോൺഫറൻസിലാണ് ബിജെപി സഖ്യകക്ഷികൂടിയായ നിതീഷ് പ്രധാനനത്രിയുടെ മുമ്പില്‍ പരാതിയുടെ പട്ടിക നിരത്തിയത്. സുരക്ഷാ വസ്ത്രങ്ങള്‍ മാസ്ക്കുകള്‍ വെന്റിലേറ്ററുകള്‍ തുടങ്ങി കോറോണ വൈറസിനെതിരായ പോരാട്ടത്തിന് മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ പലതും കേന്ദ്രത്തില്‍നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളം, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട് മുഖ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ നിതീഷ് കുമാര്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
"ഞങ്ങൾ 5 ലക്ഷം പിപിഇ കിറ്റ് ആവശ്യപ്പെട്ടു, പക്ഷേ ലഭിചത് 4000 മാത്രം. 10 ലക്ഷം എൻ -95 മാസ്കുകൾ ആവശ്യപ്പെട്ടിട്ട് ഞങ്ങൾക്ക് കിട്ടിയത് വെറും 10,000 . 10 ലക്ഷം പിഐ മാസ്ക് ചോദിച്ചിടത്ത് വെറും 1 ലക്ഷമാണ് ലഭ്യമാക്കിയത്. 10,000 ആർഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകൾ ആവശ്യപ്പെട്ടപ്പോള്‍ 250 എണ്ണം മാത്രമേ ബീഹാറിന് കിട്ടിയുള്ളൂ. 100 വെന്റിലേറ്റര്‍ ചോദിച്ചിട്ട് ഒന്നുപോലും ലഭിച്ചില്ല." പ്രധാനമന്ത്രിയോട് അദ്ദേഹം പറഞ്ഞു.
"രാജ്യം എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് പകർച്ചവ്യാധിയെ പരാജയപ്പെടുത്തും” എന്ന് തന്റെ പ്രസംഗത്തില്‍ നിതീഷ് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചപ്പോള്‍ "നിങ്ങൾ പറയുന്നത് സത്യമാകട്ടെ" എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.