ജനീവ- കൊറോണ വൈറസ് ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശങ്ക ഉയര്‍ത്തി ലോകാരോഗ്യ സംഘടന. ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചതില്‍ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു. ലോകത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി നിന്ന് വൈറസിനെതിരായി പോരാടേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ പൊട്ടിപ്പുറപ്പെട്ട് നാലു മാസത്തിലേയ്ക്ക് കടക്കുമ്പോള്‍, വൈറസിന്റെ ആഗോള വ്യാപനത്തില്‍ വലിയ ആശങ്കയുണ്ടെന്നും കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ രോഗവ്യാപനത്തില്‍ ലോകത്ത് വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം എല്ലാ രാജ്യത്തും വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ആഴ്ചയില്‍ ഇരട്ടിയിലധികമായി മരണസംഖ്യ ഉയര്‍ന്നവെന്നും അടുത്ത ഏതാനും ദിവസംകൊണ്ട് രോഗബാധ 10 ലക്ഷവും മരണസംഖ്യ 50,000 ഉം കടന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക വൈറസ് മൂലം ആദ്യമായുണ്ടാകുന്ന മഹാവ്യാധിയായതിനാല്‍ കൊറോണയുടെ സ്വഭാവരീതികളെക്കുറിച്ച് ഇപ്പോഴും നിരവധി കാര്യങ്ങള്‍ നമുക്കറിയില്ല. മാത്രമല്ല ഇവയ്ക്ക് ഫലവത്തായ ഒരു ചികിത്സാരീതി ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.