ന്യൂദല്‍ഹി- ബാങ്ക് ,ബാങ്കിതര സ്ഥാപനങ്ങളുടെ വായ്പകളിന്മേലുള്ള ഇഎംഐയ്ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ.പൊതുമേഖല,സ്വകാര്യബാങ്കുകളുടെ വായ്പകള്‍ക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ,പിഎന്‍ബി,ബിഓഐ,കാനറ തുടങ്ങിയ പൊതുമേഖലാ ബാങ്കുകളും,ഗ്രാമീണ ബാങ്കുകളും, ഐസിഐസിഐ,കൊട്ടക് മഹീന്ദ്ര ബാങ്ക്,എച്ച്ഡിഎഫ്‌സി തുടങ്ങിയ സ്വകാര്യബാങ്കുകളും മറ്റ് ബാങ്കിതര സ്ഥാപനങ്ങളും മൊറട്ടോറിയം പരിധിയില്‍ ഉള്‍പ്പെടും. വ്യക്തിഗത വായ്പ,വാഹന വായ്പ,വിദ്യാഭ്യാസ വായ്പ,സ്വര്‍ണ വായ്പ തുടങ്ങി നിശ്ചിത കാലയളവിനകം പതിവ് തവണകളായി അടച്ചുതീര്‍ക്കേണ്ട എല്ലാവിധ വായ്പകളും ഇക്കാലയളവില്‍ അടക്കേണ്ടതില്ല.
കൊറോണ ലോക്ക്ഡൗണില്‍ ജനജീവിതം സ്തംഭിച്ചതിനെ തുടര്‍ന്ന് ആളുകളുടെ വരുമാനനഷ്ടം കണക്കിലെടുത്താണ് ആര്‍ബിഐ മൊറട്ടോറിയം കൊണ്ടുവന്നത്. ഇളവ് വേണ്ടവര്‍ അതത് ബാങ്കുകളില്‍ നേരിട്ട് വിളിക്കുകയോ വെബ്‌സൈറ്റ് വഴി അപേക്ഷിക്കുകയോ ചെയ്യുക. നിബന്ധനകളും നിര്‍ദേശങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.