Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണ്‍; ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നു, സ്ത്രീകള്‍ പോലിസില്‍ അറിയിക്കണമെന്ന് വനിതാ കമ്മീഷന്‍

 

ന്യൂദല്‍ഹി- കൊറോണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ത്യയില്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം നിരവധി കേസുകളാണ് ദേശീയവനിതാ കമ്മീഷന് മുമ്പാകെ എത്തിയിരിക്കുന്നത്.ആറ് ദിവസം കൊണ്ട് 58 ഗാര്‍ഹിക പീഡന പരാതികള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാരുടെ ഉപദ്രവത്തില്‍ നിന്ന് രക്ഷനേടാന്‍ വീടിന് പുറത്തേക്ക് പോകാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് സ്ത്രീകള്‍ എന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ നിന്നാണ് കൂടുതലും പരാതികള്‍ ലഭിച്ചിരിക്കുന്നത്. പഞ്ചാബില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്ന് എന്‍സിഡബ്യു ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മ പറഞ്ഞു.

വീട്ടിലിക്കുന്ന പുരുഷന്മാര്‍ നിരാശരാണ്. അവര്‍ അത് സ്ത്രീകളിലാണ് തീര്‍ക്കുന്നത്. പഞ്ചാബില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞു. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ധാരാളമുണ്ടാകുമെന്നും കമ്മീഷന്‍ വിലയിരുത്തുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ വനിതാകമ്മീഷന് ഈ പരാതികള്‍ ഓണ്‍ലൈന്‍ വഴിയാണ് ലഭിച്ചിരിക്കുന്നത്.  രാജസ്ഥാനിലെ സികാറില്‍ അധ്യാപകനായ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച യുവതിക്ക് വേണ്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ അവരുടെ പിതാവാണ് വനിതാ കമ്മീഷന്റെ സഹായം തേടിയത്.യുവതിക്ക് ഭര്‍ത്താവ് ഭക്ഷണം നല്‍കുന്നില്ലെന്നും അവര്‍ ലോക്ക്ഡൗണിന് ശേഷം പട്ടിണിയാണെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു. ഇത്തരം അതിക്രമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ നിന്നുണ്ടായാല്‍ ഉടന്‍ സ്ത്രീകള്‍ പോലിസിനെ ബന്ധപ്പെടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

Latest News