ബീജിങ്-തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ കാട്ടുതീയില്‍പ്പെട്ട് 18 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 19 പേര്‍ കൊല്ലപ്പെട്ടു.തിങ്കളാഴ്ച ഉച്ചയ്ക്ക് 3.51ന് പ്രാദേശിക ഫാമിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ശക്തമായ കാറ്റ് കാരണം അടുത്തുള്ള മലകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സര്‍ക്കാറിന്റെ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഒരു പ്രാദേശിക ഫോറസ്റ്റ് ഫാം തൊഴിലാളിയാണ് മരിച്ച മറ്റൊരാള്‍.കാറ്റിന്റെ ദിശയില്‍ പെട്ടെന്നുള്ള മാറ്റം മൂലമാണ് ഇവര്‍ കുടുങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവ സ്ഥലത്തേയ്ക്ക് മുന്നൂറിലധികം അഗ്‌നിശമന സേനാംഗങ്ങളെയും 700 സൈനികരെയും അയച്ചതായും തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ഇതേ പ്രവിശ്യയില്‍, വിദൂര പര്‍വതങ്ങളില്‍ വന്‍ കാട്ടുതീ പടരുകയും രക്ഷാപ്രവര്‍ത്തനത്തിനിടെ 27 അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് മരണം സംഭവിക്കുകയും ചെയ്തിരുന്നു.