ലക്‌നൗ- ആഴ്ചകള്‍ക്കു മുമ്പ് ഓക്‌സിജന്‍ ലഭിക്കാതെ 80-ഓളം പിഞ്ചു കുട്ടികള്‍ കൂട്ടത്തോടെ മരിച്ച ഗൊരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വീണ്ടും കൂട്ട മരണം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 42 കുട്ടികള്‍ തീവ്രപരിചണ മുറിയില്‍ മരിച്ചതായാണ് പുതിയ കണക്കുകള്‍. ഇവരില്‍ ഏഴു കുട്ടികള്‍ മസ്തിഷ്‌കജ്വരം രൂക്ഷമായി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്നവരാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മറ്റു മരണങ്ങള്‍ ഇതര രോഗങ്ങള്‍ കാരണമാണെന്നുമാണ് ഇവര്‍ നല്‍കുന്ന വിവരം.
ഓഗസ്റ്റ് ഏഴിനും 11-നുമിടെ ഇവിടെ ഉണ്ടായ കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പാല്‍ ഡോ. രാജീവ് മിശ്രയേയും ഭാര്യ പൂര്‍ണിമ ശുക്ലയേയും പോലീസ് കാണ്‍പൂരില്‍ വച്ച് അറസ്റ്റ് ചെയ്ത ദിവസമാണ് വീണ്ടും കൂട്ടമരണങ്ങളുടെ കണക്കുകള്‍ പുറത്തു വന്നത്. കേസിലെ ഒമ്പതു പ്രതികളില്‍ ഉള്‍പ്പെട്ട ഇരുവരേയും നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ച ഏറ്റവും പുതിയ മരണ കണക്കുകള്‍ പുറത്തു വരുന്നതിന് മുമ്പ് ഈ മാസം 200 മരണങ്ങള്‍ ഇവിടെ സംഭവിച്ചതായാണ് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നത്. 'ഓഗസ്റ്റ് 27 അര്‍ധരാത്രിവരെയുള്ള കണക്കുകള്‍ പ്രകാരം ശിശുരോഗ വിഭാഗത്തില്‍ 342 കുട്ടികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 17 പേര്‍ മരിച്ചു. ഓഗസ്റ്റ് 28 അര്‍ധരാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 344 രോഗികളുണ്ടായിരുന്നു. ഇവരില്‍ 25 പേരും മരിച്ചു,' പ്രിന്‍സിപ്പാലിന്റെ ചുമതല വഹിക്കുന്ന ഡോ. പി കെ സിങ് പറഞ്ഞു.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി മരിച്ച 42 കുട്ടികളില്‍ ഏഴു മരണങ്ങള്‍ മസ്തിഷ്‌ക ജ്വരം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.