Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധി ഗുർമീതിന്റെ സഹായം തേടിയെന്ന്  ബി.ജെ.പി ഐ.ടി സെൽ മേധാവിയുടെ പുതിയ കളവ്

ന്യൂദൽഹി- കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേരിൽ ബി.ജെ.പി ഐ.ടി സെൽ മേധാവിയുടെ പുതിയ കളവ്. ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് രാം റഹീമിനെ ഇക്കഴിഞ്ഞ ജനുവരിയിൽ രാഹുൽ ഗാന്ധി സന്ദർശിച്ചുവെന്നും പഞ്ചാബ് തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയെന്നുമായിരുന്നു ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ ട്വീറ്റ്. കോൺഗ്രസും ഗുർമീത് രാം റഹീം സിംഗുമായുള്ള ബന്ധം ആരോപിച്ച് അമിത് മാളവ്യ മൂന്ന് ട്വീറ്റുകളാണ് ചെയ്തത്. തെരഞ്ഞെടുപ്പ് പിന്തുണക്ക് പകരം എന്ത് സഹായമാണ് കോൺഗ്രസ് തിരിച്ചുചെയ്തത് എന്നായിരുന്നു ട്വീറ്റിലെ പ്രധാന ആരോപണങ്ങളിലൊന്ന്. തന്റെ വാദത്തിന് പിൻബലമേകുന്നതിനായി ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന വാർത്തയുടെ സ്‌ക്രീൻഷോട്ടും അമിത് മാളവ്യ ട്വീറ്റിനൊപ്പം ചേർത്തിരുന്നു. 
എന്നാൽ മാളവ്യയുടെ വാദം കള്ളമായിരുന്നുവെന്നാണ് തെളിവുകൾ സൂചിപ്പിക്കുന്നത്. ജലന്ധറിലെ ദേര സച്ച് കാന്ത് ബല്ലൻ ആശ്രമത്തിലായിരുന്നു രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത്. പഞ്ചാബിലെ ദലിതുകൾക്കിടയിൽ ഏറെ സ്വാധീനമുള്ള സംഘടനയാണിത്. പഞ്ചാബിലെ കോൺഗ്രസിന്റെ ചുമതലയുള്ള ആശാ കുമാരി, ഹരീഷ് ചൗധരി, ജലന്ധർ എം.പി സന്തോഷ് ചൗധരി എന്നിവരാണ് രാഹുലിനൊപ്പമുണ്ടായിരുന്നത്. ഗുർമീത് രാം റഹീമിന്റെ ദേര സച്ചാ സൗദയുമായി ഈ സംഘത്തിന് ഒരു ബന്ധവുമില്ല. സാന്ത് നിരഞ്ജൻ ദാസാണ് ഈ ദേരയുടെ അധിപൻ. ദേര സച്ചാ സൗദ സിർസ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ദേര സച്ച കാന്ത് ബല്ലാനിന്റെ ആസ്ഥാനം ബല്ലാനാണ്. ദേര സച്ച സൗദ സ്ഥാപിച്ചത് 1948 ഏപ്രിൽ 29ന്. ദേര സച്ച കാന്തിന്റെ പ്രവർത്തനം തുടങ്ങിയത് 1942 ജനുവരി അഞ്ചിന്. ഗുരു രവിദാസിന്റെ അനുയായികളാണ് ദേര സച്ച കാന്തിന്റെ അനുയായികൾ. ദേര സച്ച സൗദ് സ്ഥാപിച്ചതാകട്ടെ മസ്താന ബലോചിസ്ഥാനിയും. ഗുർമീത് രാം റഹീമിന്റെ സംഘടനയിൽനിന്ന് ഏറെ വ്യത്യസ്തമായ ആശ്രമത്തിലാണ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയത് എന്ന് ചുരുക്കം. ഗുർമീത് രാം റഹീമുമായി രാഹുൽ ഗാന്ധി ഒരു തരത്തിലുള്ള കൂടിക്കാഴ്ച്ചയും നടത്തിയിട്ടില്ല എന്നിരിക്കെയാണ് ഇത്തരം വ്യാജ വാർത്ത ബി.ജെ.പി ഐ.ടി സെൽ തന്നെ പടച്ചുവിടുന്നത് എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.
 

Latest News