ആഗ്ര- ഒന്നിച്ചുള്ള മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്നു വിശേഷിപ്പിച്ച് സുപ്രിം കോടതി വിലക്കിയ പശ്ചാത്തലത്തില്‍ ഇസ്ലാമിലെ ശരിയായ വിവാഹമോചന രീതി വിശ്വാസികളെ പഠിപ്പിക്കാന്‍ ഉത്തര്‍ പ്രദേശിലെ മദ്രസകള്‍ ഒരുങ്ങുന്നു. ജമാഅത്ത് റസായെ മുസ്തഫ എന്ന സുന്നീ ബറേല്‍വി വിഭാഗമാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. 'സുപ്രിം കോടതിയുടെ വിധിയെ തുടര്‍ന്ന് മദ്രസകള്‍ നടത്തിവരുന്ന മതപണ്ഡിതന്മാരുടെ യോഗം വിളിച്ചു ഈ വിഷയത്തില്‍ സമുദായത്തെ ശരിയായ രീതി പഠിപ്പിച്ചു കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്രസാ വിദ്യാര്‍ത്ഥികളിലൂടെയും വെള്ളിയാഴ്ച പ്രസംഗങ്ങളിലൂടെയും മതസമ്മേളനങ്ങളിലൂടെയും തലാഖിന്റെ ശരിയായ രീതി വിശ്വാസികളെ പഠിപ്പിക്കാനാണ് പദ്ധതി,' സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി മൗലാനാ ശഹാബുദ്ദീന്‍ റസ്‌വി പറയുന്നു.
വിവാഹ മോചനം വേര്‍പ്പെടുത്തുന്നതിന് ഒന്നിട്ട് മുത്തലാഖ് ചൊല്ലുന്ന രീതി ഉപേക്ഷിച്ച് ശരീഅ നിയമപ്രകാരമുള്ള ശരിയായ രീതി ദമ്പതികളെ പഠിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ കോടതിയിലും പോലീസ് സ്റ്റേഷനുകളിലുമെത്തിക്കരുതെന്ന് മുസ്ലിം സഹോദരിമാരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യുപിയില്‍ വിവിധയിടങ്ങളിലായി ഈ വിഭാഗത്തിന് 350-ഓളം മദ്രസകളുണ്ട്. ചെറിയ ക്ലാസുകളില്‍ ത്വലാഖ് സംബന്ധിച്ച വിഷയങ്ങളൊന്നും പഠിപ്പിക്കുന്നില്ല. വിവാഹ മോചനത്തിന്റെ ശിരായ ഇസ്ലാമിക രീതി പഠിപ്പിക്കുന്ന അധ്യായങ്ങള്‍ ഉയര്‍ന്ന ക്ലാസുകളിലുണ്ട്. ഈ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് മറ്റുള്ളവര്‍ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കുകയെന്ന് ആഗ്രയില്‍ മദ്രസ നടത്തുന്ന മുഫ്തി മുദസ്സര്‍ ഖാന്‍ പറഞ്ഞു.