Sorry, you need to enable JavaScript to visit this website.

ഗുർമീത് റാം റഹീമിന് ഇരുപത് വർഷം തടവ്

ന്യൂദൽഹി- രണ്ട് വനിത അനുയായികളെ മാനഭംഗപ്പെടുത്തിയ കേസിൽ ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹീമിന് ഇരുപത് വർഷം കഠിന തടവ്. ഓരോ കേസിലും പത്തുവർഷം വീതമാണ് തടവ് അനുഭവിക്കേണ്ടത്. 
റോഹ്തക്കിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിംഗാണ് ശിക്ഷ വിധിച്ചത്. ഗുർമീത് റാം റഹീം സാമൂഹ്യപ്രവർത്തകനാണെന്നും അദ്ദേഹത്തിന് ശിക്ഷ നൽകരുതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണെന്നും ജീവപര്യന്തം ശിക്ഷ നൽകണമെന്നും സി.ബി.ഐ വാദിച്ചു. 
ശിക്ഷ വിധിക്കും മുമ്പ് തനിക്ക് മാപ്പ് നൽകണമെന്ന് ഗുർമീത് കോടതിയോട് കേണപേക്ഷിച്ചു. മുജേ മാഫ് കർ ദോ എന്ന് ജഡ്ജിക്ക് മുന്നിൽ റാം റഹീം കൈകൂപ്പി വിലപിച്ചു. ശിക്ഷാ വിധി വന്നതോടെ ഇദ്ദേഹം നിലത്ത് വീഴുകയും ചെയ്തു. കോടതി മുറിയിൽനിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച ഇദ്ദേഹത്തെ പിന്നീട് പോലീസുകാർ വലിച്ചിഴച്ചാണ് ജയിലിലേക്ക് കൊണ്ടുപോയത്. നേരത്തെ പത്തുവർഷമാണ് റാം റഹീമിന്റെ ശിക്ഷ എന്നായിരുന്നു പുറത്തുവന്ന വിവരം. ഓരോ കേസിലും പത്തു വർഷം വീതമാണെന്ന കാര്യം പിന്നീടാണ് സ്ഥിരീകരിച്ചത്. 
ഗുർമീതിനെ പാർപ്പിച്ചിരുന്ന ജയിലിൽ താൽക്കാലിക കോടതി ഒരുക്കിയാണ് ശിക്ഷ വിധിച്ചത്. അതിനിടെ, ഗുർമീത് റാമിന്റെ അനുയായികൾ സിർസയിൽ രണ്ടു വാഹനങ്ങൾ കത്തിച്ചു. മറ്റു ചില മേഖലകളിലും അനുയായികൾ കലാപത്തിന് കോപ്പുകൂട്ടുന്നുണ്ട്.


വിവാദ ആൾദൈവത്തെ ജയിലിൽ പാർപ്പിച്ചിരിക്കുന്ന ഹരിയാനയിലെ റോഹ്തക്കിൽ 28 കമ്പനി സൈനികരടക്കം കർശന സുരക്ഷയാണ് ഒരുക്കിയിരിന്നത്. റോഹ്തക് ജില്ലയിലേക്ക് ദേര അനുയായികൾക്ക് പ്രവേശനം വിലക്കിയിരുന്നു. റോഹ്തകിലും, ഗുർമീതിന്റെ ആസ്ഥാനമായ സിർസയിലും കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.
ജഡ്ജിയെ ഹെലിക്കോപ്റ്ററിലാണ് ഇവിടേക്ക് കൊണ്ടുവന്നത്. ജയിലിലും ചുറ്റുമായി ഏഴു തലങ്ങളിലുള്ള സുരക്ഷയും ഒരുക്കിയിരുന്നു. പഞ്ച്കുളയിൽ പ്രവർത്തിക്കുന്ന സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ചതിന് പിന്നാലെ ദേര അനുയായികൾ വ്യാപക അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് ഇത്തവണ സുരക്ഷാ നടപടികൾ ശക്തമാക്കിയത്. ആയിരക്കണക്കിന് ദേരാ പ്രവർത്തകർ ഹരിയാന, പഞ്ചാബ്, ദൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ അക്രമങ്ങളിൽ മൊത്തം 38 പേർക്കാണ് ജീവൻ നഷ്്ടമായത്. ഹരിയാനയിൽ മാത്രം കൊല്ലപ്പെട്ടത് 36 പേരാണ്. 500 ഓളം പേർക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. സുരക്ഷാ വീഴ്ചക്ക് ഹരിയാന സർക്കാരിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി അതിനിശിതമായി കുറ്റപ്പെടുത്തിയിരുന്നു. സർക്കാരിന്റെ അനാസ്ഥയാണ് പ്രശ്‌നം ഇത്ര വഷളാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധി പ്രസ്താവനയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങളിൽ ഒരു തരത്തിലുമുള്ള വീഴ്ച ഉണ്ടാകാൻ പാടില്ലെന്നും കോടതി സർക്കാരിന് നിർദേശം നൽകി.

റോഹ്തക് നഗര പരിധിക്കു പുറത്തുള്ള സുനാരിയയിലാണ് ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന ജില്ലാ ജയിൽ. സുരക്ഷയുടെ ഭാഗമായി ദേര സച്ചാ പ്രവർത്തകർ എവിടെ കൂടിയാലും കസ്റ്റഡിയിലെടുക്കുകയാണ് പോലീസ്. പ്രധാനപ്പെട്ട ദേരാ സച്ചാ സൗദ നേതാക്കളെ കരുതൽ തടങ്കലിലാക്കി. ദേരാ സച്ചാ കേന്ദ്രങ്ങളും പോലീസ് നിരീക്ഷണത്തിലാണ്. സിർസയിലെ ആയിരം ഏക്കറോളം വരുന്ന ദേരയുടെ പ്രധാന ആശ്രമത്തിൽ മുപ്പതിനായിരത്തോളം അനുയായികൾ ഇപ്പോഴുമുണ്ട്. ഇവരോട് ആശ്രമം വിട്ടുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയിട്ടില്ല. ഈ സാഹചര്യത്തിൽ സൈനിക, അർധ സൈനിക വിഭാഗങ്ങളടക്കം ആശ്രമം വളഞ്ഞിരിക്കുകയാണ്. റോഹ്തകിലെ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്നും ഒരു അനിഷ്ട സംഭവവും ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഹരിയാനയിലെ 130 ഓളം വരുന്ന ദേര ആശ്രമങ്ങളിൽ റെയ്ഡ് നടത്തിയ പോലീസ് എ.കെ 47 അടക്കം നിരവധി തോക്കുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തിരുന്നു. ആശ്രമങ്ങളിലെല്ലാം പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
ശിക്ഷ വിധിച്ച സാഹചര്യത്തിൽ ഇനി നിയമപരമായി തന്നെ നേരിടാനാണ് ഗുർമീതിന്റെ ആലോചന. സി.ബി.ഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും.കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ സെഡ് കാറ്റഗറി സുരക്ഷ ഇല്ലാതായ ഗുർമീതിനെ സാധാരണ തടവുകാരനായാണ് ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 2002ൽ തന്റെ രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് 50 കാരനായ ഗുർമീതിനെതിരെ ശിക്ഷ വിധിച്ചത്.

Latest News