Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ മൈദ കിട്ടാനില്ല;  നൂഡില്‍സ് മാത്രം ആശ്രയം 

ന്യൂദല്‍ഹി-ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണാണ് നിലനില്‍നില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും കിട്ടാനില്ലെന്ന പരാതിയുമായി ദല്‍ഹിയിലെ ജനങ്ങള്‍.
റൊട്ടിയുണ്ടാക്കാന്‍ ഗോതമ്പ് മാവ് കിട്ടാനില്ലെന്നും പച്ചക്കറി വാങ്ങാന്‍ പോയാല്‍ എല്ലായിടത്തും തിരക്കാണെന്നും സാനിറ്റൈസറും ഗ്ലൗസും മാസ്‌കും ആരും നല്‍കുന്നില്ലെന്നും ദല്‍ഹിയിലെ താമസക്കാര്‍ പറയുന്നു.
റൊട്ടിയില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ സാധിക്കാത്തവര്‍ക്ക് ഗോതമ്പ് മാവ് കിട്ടാനില്ലാത്തത് ചെറിയ പ്രതിസന്ധി അല്ല സൃഷ്ടിച്ചിരിക്കുന്നത്.അതിനാല്‍ ഇന്നലെ മാഗി നൂഡില്‍സ് കഴിച്ചാണ് വിശപ്പ് അടക്കിയതെന്ന് താമസക്കാരിലൊരാള്‍ പറഞ്ഞു.
ഇപ്പോള്‍ ഡല്‍ഹിയിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനികളെക്കൂടി അവശ്യസര്‍വ്വീസുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഗോതമ്പ് മാവ് വിപണിയില്‍ ലഭ്യമാകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. തങ്ങളുടെ സുരക്ഷ ആരും നോക്കുന്നില്ലെന്നാണ് മറ്റൊരാളുടെ പരാതി. സാനിറ്റൈസറോ, ഗഌസോ മാസ്‌കോ നല്‍കുന്നില്ലെന്നും പരാതിയുണ്ട്.
സര്‍ക്കാര്‍ വിപണന കേന്ദ്രമായ കേന്ദ്രീയ ഭണ്ഡാരില്‍ ഇന്നലെ ഉച്ചയോടെ ഗോതമ്പ് മാവിന്റെ സ്‌റ്റോക് തീര്‍ന്നു.ക്ഷാമം ഉണ്ടാകുമെന്ന ആശങ്കയില്‍ പച്ചക്കറികള്‍ വാങ്ങാന്‍ ഒരേ സമയം ഒരുപാട് പേര് എത്തുന്നതോടെ പലരും കാലി സഞ്ചിയുമായി മടങ്ങുന്നു. ഡല്‍ഹിയില്‍ പാലുല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് മദര്‍ ഡയറിയാണ്. സോഷ്യല്‍ ഡിസ്റ്റന്‍സ് ഉറപ്പുവരുത്തിയാണ് പാല്‍ വിതരണം. പക്ഷെ, പാല്‍ വിതരണം ചെയ്യുന്നവരെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി.
 

Latest News