ന്യൂദല്‍ഹി- ദല്‍ഹിയില്‍നിന്നും ഞായറാഴ്ച പുലര്‍ച്ചെ യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറക്കാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് യാത്ര വൈകിയത് ഒമ്പത് മണിക്കൂര്‍. പറന്നുയരാനായി റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് വിമാനത്തിനുള്ളില്‍ എലിയെ കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ പ്രോട്ടോകോള്‍ പ്രാകരം വിമാനം തിരിച്ച് ടെര്‍മിനലിലേക്ക് ശുചീകരണത്തിനായി എത്തിക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ സീറ്റുകള്‍ ഏതാണ്ട് പൂര്‍ണമായും നിറഞ്ഞിരുന്നു.
എലിയെ തുരത്തിയ ശേഷം പിന്നീട് ഞായറാഴ്ച ഉച്ചയോടെയാണ് പുതിയ പൈലറ്റുമാരും ജീവനക്കാരുമെത്തി വിമാനം അമേരിക്കയിലേക്കു പറന്നുയര്‍ന്നത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോന്‍സ്റ്റോപ് വിമാന സര്‍വീസുകളിലൊന്നാണ് ദല്‍ഹി-ഫ്രാന്‍സിസ്‌കോ എയര്‍ ഇന്ത്യ സര്‍വീസ്. 172 ഇക്കോണമി ക്ലാസ് സീറ്റുകളും 34 ബിസിനസ് ക്ലാസ് സീറ്റുകളുമായി ഈ ബോയിങ് 777 വിമാനത്തിലുള്ളത്. സംഭവം പുതിയ എയര്‍ ഇന്ത്യാ മേധാവി രാജീവ് ബന്‍സല്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്. എങ്ങിനെ എലി വിമാനത്തിനുള്ളിലെത്തി എന്നതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
എലിയെ വിമാനത്തിനുള്ളില്‍ നിന്നും തുരത്താനുള്ള ശുചീകരണ പ്രവൃത്തികള്‍ അവസാനിച്ചപ്പോഴേക്കും പൈലറ്റുമാരുടെ ഡ്യൂട്ടി സമയം അവസാനിച്ചിരുന്നു. നാലു സംഘം പൈലറ്റുമാരാണ് ഈ വിമാനസര്‍വീസിനാവശ്യം. തുടര്‍ന്ന് പൈലറ്റുമാരെ കണ്ടെത്താനും സമയമെടുത്തതോടെ വീണ്ടും മണിക്കൂറുകളോളം വൈകുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആറു മണിക്കൂറാണ് ശുചീകരണത്തിന് വേണ്ടി വന്നത്. യാത്ര വൈകിയതില്‍ യാത്രക്കാരും അതൃപ്തി പ്രകടിപ്പിച്ചു.
വിമാനത്തിനുള്ളില്‍ എലിയെ കണ്ടാല്‍ അതിനെ തുരത്തിയ ശേഷം മാത്രമെ പറക്കാവൂ എന്നാണ് സുരക്ഷാ ചട്ടം. എലി ഇലക്ട്രിക് വയറുകള്‍ കാര്‍ന്നു തിന്നാല്‍ പൈലറ്റിനു പോലും നിയന്ത്രിക്കാനാവാത്ത തകരറാകുള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയുള്ളതു കൊണ്ടാണിത്. ഇത് വലിയ ദുരന്തത്തിലേക്കു വരെ നയിച്ചേക്കാം.