ക്രൈസ്റ്റ്ചര്‍ച്ച്-കൊറോണാവൈറസ് പകര്‍ച്ചവ്യാധിക്ക് എതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടുന്ന ന്യൂസിലാന്‍ഡില്‍ ഇതിന് മുന്നോടിയായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസീന്ത ആര്ഡന്. 205 കേസുകളാണ് ന്യൂസിലാന്‍ഡില്‍ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ എല്ലാവരോടും സ്വയം ഐസൊലേഷനില്‍ കഴിയാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടിയന്തരമല്ലാത്ത സേവനങ്ങളും, സ്കൂളുകളും, ഓഫീസുകളും ഒരു മാസത്തേക്കാണ് അവര്‍ അടച്ചിടുക.
'അര്‍ദ്ധരാത്രി മുതല്‍ നാലാഴ്ചത്തേക്ക് അടച്ചുപൂട്ടി ഇരുന്ന് വൈറസിനെ തടഞ്ഞുനിര്‍ത്താനുള്ള ശ്രമം നടത്തും, വൈറസിന്റെ ശൃംഖല തകര്‍ക്കാന്‍ ഇതാണ് മാര്‍ഗ്ഗം', ആര്ഡന് പാര്‍ലമെന്റില്‍ വ്യക്തമാക്കി. യാതൊരു തെറ്റും പ്രവര്‍ത്തിക്കരുത്, കാര്യങ്ങള്‍ മെച്ചപ്പെടുന്നതിന് മുന്‍പ് സ്ഥിതിഗതികള്‍ വഷളാകും. നിലവില്‍ ഇഴയുന്ന കേസുകളുടെ എണ്ണം അടുത്ത ആഴ്ചയോടെ വര്‍ദ്ധിക്കും. അപ്പോള്‍ മാത്രമാണ് എത്രത്തോളം വിജയകരമാണ് നമ്മളെന്ന് വ്യക്തമാകുക, പ്രധാനമന്ത്രി വ്യക്തമാക്കി.
കൊവിഡ്19 സമൂഹ വ്യാപനത്തിലേക്ക് കടന്നതിന് തെളിവ് ലഭിച്ചതോടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന് ആന്ഡന് പാര്‍ലമെന്റിനെ അറിയിച്ചു. 'ഈ ഘട്ടത്തില്‍ എന്ത് ചെയ്യാം, എന്ത് ചെയ്യരുത് എന്നത് സംബന്ധിച്ച് ചോദ്യങ്ങളുണ്ടെങ്കിലും ഒരു ചെറിയ കാര്യം ചെയ്യാം. നിങ്ങള്‍ കൊവിഡ്19 ബാധിച്ചത് പോലെ പ്രവര്‍ത്തിക്കുക. ഏത് നീക്കവും മറ്റൊരാള്‍ക്ക് അപകടമാണ്. അങ്ങിനെയുള്ള ചിന്ത വേണം. അതുകൊണ്ടാണ് ബന്ധുക്കളെയും, കുട്ടികളെയും, പേരക്കുട്ടികളെയും, അയല്‍ക്കാരെയും കാണാന്‍ പോകുന്നത് ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നത്. ഒരു രാജ്യമെന്ന നിലയില്‍ ഇതാണ് ആദ്യം ചെയ്യേണ്ടത്', ആര്ഡന് ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഡോക്ടര്‍മാര്‍, ഫാര്‍മസികള്‍, സര്‍വ്വീസ് സ്റ്റേഷന്, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ മാത്രമാണ് രാജ്യത്ത് തുറന്ന് പ്രവര്‍ത്തിക്കുന്നത്. ന്യൂസിലാന്‍ഡ് ചരിത്രത്തില്‍ രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2011 ഫെബ്രുവരി 23ന് ക്രൈസ്റ്റ്ചര്‍ച്ചില്‍ ഭൂകമ്പം ഉണ്ടായി ഇരുനൂറോളം പേര് കൊല്ലപ്പെട്ടപ്പോഴാണ് ആദ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.