ലോക്ക് ഡൗണ്‍: സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ കേന്ദ്രം നീട്ടിവച്ചു

ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ കേന്ദ്രം നീട്ടിവച്ചു. ഏപ്രില്‍ ഒന്ന് മുതലാണ് 2021 ലെ സെന്‍സസ് നടപടികള്‍ ആരംഭിക്കേണ്ടിയിരുന്നത്. ദേശീയ ജനസംഖ്യ റജിസ്റ്റര്‍(എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികളും അനിശ്ചിതകാലത്തേക്ക് നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രണ്ടുഘട്ടങ്ങളിലായി സെന്‍സസ് നടത്താനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ വീടുകളുടെ പട്ടിക തയ്യാറാക്കലും രണ്ടാംഘട്ടം, 2021 ഫെബ്രുവരി 9 മുതല്‍ 28വരെ വീടുകയറിയുള്ള ജനസംഖ്യകണക്കെടുപ്പുമാണ് ഉദ്ദേശിച്ചിരുന്നത്. സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ക്കായി ഓരോ വീട്ടിലും നേരിട്ട് എത്തി കണക്ക് എടുക്കേണ്ടതുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത് അസാധ്യമായതിനാലാണ് ആഭ്യന്തര മന്ത്രാലയം ഇവ നീട്ടിവയ്ക്കുന്നത്.

അതേസമയം എന്‍പിആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് കേരളം, ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബിഹാര്‍, തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Latest News