അമേരിക്കയിൽ ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സൂപ്പർ താരം പ്രഭാസ് സെൽഫ് ഐസൊലേഷനിൽ. രാജ്യത്ത് കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ഹോം ഐസോലേഷനിൽ കഴിയാൻ തീരുമാനിച്ചതായി താരം ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കി. എല്ലാവരും ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും പ്രഭാസ് കുറിച്ചു.
സാഹോയ്ക്ക് പിന്നാലെ പ്രഭാസ് അഭിനയിക്കുന്ന റൊമാന്റിക്ക് ത്രില്ലർ ചിത്രത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. അമേരിക്കയിലെ ജോർജിയയിൽ നടന്ന രണ്ടാം ഘട്ട ചിത്രീകരണത്തിനുശേഷമാണ് പ്രഭാസ് കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയത്.
നേരത്തെ ചിത്രീകരണം കഴിഞ്ഞ് തിരിച്ചെത്തിയ ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെയും ഇപ്പോൾ ഹോം ഐസൊലേഷനിലാണ്. പൂജ തന്നെ ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു.
ജനുവരിയിൽ ആരംഭിച്ച ബിഗ് ബജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നേരത്തെ പൂർത്തിയായിരുന്നു. രണ്ടാം ഘട്ട ഷൂട്ടിംഗിനായി കൊറോണ കാലത്ത് വിദേശത്തേക്ക് പോയ പ്രഭാസിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സുരക്ഷാ മാസ്‌ക് ധരിച്ചായിരുന്നു അന്ന് പ്രഭാസും സംഘവും ഹൈദരാബാദ് എയർപോർട്ടിലെത്തിയത്. അടുത്തിടെ അമേരിക്കയിലെ ലോസ് ആഞ്ചലസിൽനിന്നും തിരിച്ചെത്തിയ മലയാളി താരം മംമ്ത മോഹൻദാസും സെൽഫ് ക്വാറന്റൈ്‌നിലാണ്. കൊച്ചിയിലെ വീട്ടിലാണ് മംമ്ത ഐസൊലേഷനിൽ കഴിയുന്നത്.