ലോകമെങ്ങും കൊവിഡ് ഭീതിയിൽ കഴിയവേ, ജോർദാനിൽ ഷൂട്ടിംഗിലാണ് പൃഥ്വിരാജും സംഘവും. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി. അതിനിടെ കൊറോണ സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈ്‌നിൽ കഴിയുന്നതായുള്ള വാർത്ത പുറത്തുവന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് തങ്ങൾ സുരക്ഷിതരാണെന്നും ഷൂട്ടിംഗ് തുടരുകയാണെന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികളുടെ ഭാഗമാണെന്നും പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ജോർദാനിലെ വാദി റമ്മിലാണ് തങ്ങൾ ഇപ്പോഴുള്ളതെന്നും, ജോർദാൻ അധികൃതരുടെ അനുമതിയോടെയാണ് ഷൂട്ട് തുടരുന്നതെന്നും പൃഥ്വി വ്യക്തമാക്കി. ലൊക്കേഷൻ ഒറ്റപ്പെട്ട സ്ഥലത്തായതിനാൽ അപകടമില്ല. ഷൂട്ട് തുടരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. തിരികെ വരാൻ വിമാനങ്ങൾ ഇല്ലാത്തതിനാൽ ഷൂട്ടിംഗ് തുടരുകയാണ് ബുദ്ധി. യൂനിറ്റിലെ എല്ലാ പേരുടെയും മെഡിക്കൽ ചെക്കപ് നടത്തി.
ഞങ്ങളുടെ യൂനിറ്റിലെ രണ്ട് നടൻമാർ അമ്മാനിൽ ക്വാറന്റൈനിലാണ്. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദേശത്തുനിന്ന് ജോർദാനിൽ എത്തുന്നവരെ 14 ദിവസത്തേയ്ക്ക് നിരീക്ഷണത്തിൽ വെക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ്, ഒമാനിൽനിന്നും വന്ന ഡോ. താലിബ് നിരീക്ഷണത്തിൽ കഴിയുന്നത്. അദ്ദേഹത്തിനൊപ്പം പരിഭാഷകനും യു.എ.ഇയിലെ മറ്റൊരു നടനും നിരീക്ഷണത്തിലാണ്. ചാവുകടലിനടുത്തുള്ള ഒരു ഹോട്ടലിലാണ് നടനെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചത്തെ ക്വാറന്റൈൻ സമയം കഴിഞ്ഞ് അവർ നമുക്കൊപ്പം വീണ്ടും ചേരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് കുറിച്ചു.