പാറ്റ്‌ന- നിതീഷ് കുമാറിൽ രാഷ്ട്രീയ വഞ്ചന ആരോപിച്ച് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിൽ പാറ്റ്‌നയിൽ സംഘടിപ്പിപ്പ പ്രതിപക്ഷ കക്ഷികളുടെ റാലിയിൽ കൂറ്റൻ ജനക്കൂട്ടം. റാലി നടന്ന ഗാന്ധി മൈതാനത്തിന് ഉൾക്കൊള്ളാവുന്നതിലും വലിയ ജനക്കൂട്ടമാണ് റാലിക്കെത്തിയത്. എണ്ണാൻ പറ്റുമെങ്കിൽ എണ്ണൂ എന്നായിരുന്നു റാലിയെ സംബന്ധിച്ച് ലാലുവിന്റെ ആദ്യ പ്രതികരണം. ബി.ജെ.പിയെ തുരത്തുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് റാലി സംഘടിപ്പിച്ചത്. രാജ്യം അടിയന്തരാവസ്ഥക്ക് സമാനമായ സഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ലാലു പ്രസാദ് യാദവ് ആരോപിച്ചു. തന്റെ ജനകീയാടിത്തറക്ക് മുന്നിൽ ഒരു മുഖവും നിലനിൽക്കില്ലെന്ന് ലാലു ട്വീറ്റ് ചെയ്തു.
രണ്ടു വർഷത്തിനകം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികളുടെ ഐക്യമുണ്ടാകുമെന്ന സൂചന കൂടിയായിരുന്നു ലാലുവിന്റെ നേതൃത്വത്തിൽ നടന്ന റാലി. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയായിരുന്നു സമ്മേളനത്തിലെ ശ്രദ്ധാകേന്ദ്രം. മമതക്ക് പുറമെ, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ജനതാദൾ യുനൈറ്റഡ് നേതാവ് ശരത് യാദവ്, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നിവർ റാലിയിൽ പങ്കെടുക്കുന്നു. എൻ.സി.പി, സി.പി.ഐ, രാഷ്ട്രീയ ലോക്ദൾ, ഡി.എം.കെ, കേരള കോൺഗ്രസ്, ആർ.എസ്.പി, എ.ഐ.യു.ഡി.എഫ്, നാഷണൽ കോൺഫറൻസ്, ജനതാദൾ എസ് എന്നീ പാർട്ടികളുടെ നേതാക്കളും റാലിയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, മമത ബാനർജി പങ്കെടുക്കുന്നത് കൊണ്ട് റാലി സി.പി.എം ബഹിഷ്‌കരിച്ചു.
മുഴുവൻ ദേശീയ നേതാക്കളും ലാലുവിനൊപ്പമുണ്ടെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ബി.ജെ.പി യെ തോൽപ്പിക്കാൻ പറ്റില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവരെ ഗാന്ധി മൈതാനത്തിലെ ജനക്കൂട്ടത്തെ കാണാനായി ക്ഷണിക്കുന്നുവെന്ന് ലാലുവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു.