ലോകം അടച്ചുപൂട്ടുകയാണ്. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ ബഹളമയമായിരുന്ന സ്ഥലങ്ങള്‍ പ്രേത നഗരങ്ങളായി. നമ്മുടെ ജീവിതത്തില്‍ വലിയ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോക്ക്ഡ് ടൗണുകള്‍, സ്കൂള്‍ അടയ്ക്കല്‍ തുടങ്ങി യാത്രാ നിയന്ത്രണങ്ങള്‍, ബഹുജന സമ്മേളനങ്ങള്‍ നിരോധിക്കല്‍ വരെ.
ഒരു രോഗത്തോടുള്ള സമാനതകളില്ലാത്ത ആഗോള പ്രതികരണമാണിത്. എന്നാല്‍ അത് എപ്പോള്‍ അവസാനിക്കും, എപ്പോഴാണ് നമ്മുടെ സാധാരണ ജീവിതം വീണ്ടെടുക്കാനാവുക?
അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയാലും, നാം അപ്പോഴും അവസാനത്തില്‍നിന്ന് വളരെ അകലെയായിരിക്കും. വൈറസിന്റെ വേലിയേറ്റം അവസാനിക്കാന്‍ വളരെയധികം സമയമെടുക്കും- ഒരുപക്ഷേ വര്‍ഷങ്ങള്‍.
നഗരങ്ങളും രാജ്യം തന്നെയും അടച്ചുപൂട്ടാനുള്ള നിലവിലെ തന്ത്രം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുസ്ഥിരമല്ലെന്ന് വ്യക്തമാണ്. സാമൂഹികവും സാമ്പത്തികവുമായ ദുരന്തമായിരിക്കും അത്.
രാജ്യങ്ങള്‍ക്ക് വേണ്ടത് ഒരു 'എക്സിറ്റ് സ്ട്രാറ്റജി' ആണ്. നിയന്ത്രണങ്ങള്‍ നീക്കി സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഒരു മാര്‍ഗം.
എന്നാല്‍ കൊറോണ വൈറസ് ഉടനെയൊന്നും അപ്രത്യക്ഷമാകാന്‍ പോകുന്നില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. വൈറസിനെ തടഞ്ഞുനിര്‍ത്തുന്ന നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞാല്‍, ഭീകരമായ രീതിയില്‍ രോഗബാധിതരുടെ എണ്ണം കൂടും.
എക്സിറ്റ് സ്ട്രാറ്റജി എന്തായിരിക്കണമെന്നും എങ്ങനെ ഇതില്‍നിന്ന് രക്ഷപ്പെടാമെന്നതും സംബന്ധിച്ച് പൂര്‍ണ അവ്യക്തതയാണ്- എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസര്‍ മാര്‍ക്ക് വൂള്‍ഹൗസ് പറയുന്നു.
യു.കെക്ക് മാത്രമല്ല, ഒരു രാജ്യത്തിനും എക്സിറ്റ് തന്ത്രമില്ല. ഇത് വലിയ ശാസ്ത്രീയവും സാമൂഹികവുമായ വെല്ലുവിളിയാണ്.
ഈ കുഴപ്പത്തില്‍നിന്ന് രക്ഷനേടാന്‍ മൂന്ന് വഴികളുണ്ട്.
1. പ്രതിരോധ കുത്തിവെപ്പ്
2. മതിയായത്ര ആളുകള്‍ അണുബാധയിലൂടെ പ്രതിരോധശേഷി വികസിപ്പിക്കുന്നു.
3. അല്ലെങ്കില്‍ ഞങ്ങളുടെ പെരുമാറ്റ രീതി/ സാമൂഹിക ഇടപെടല്‍ രീതി ശാശ്വതമായി മാറ്റുക.
ഈ റൂട്ടുകളില്‍ ഓരോന്നും വൈറസ് പകരാനുള്ള കഴിവ് കുറയ്ക്കും.
വാക്സിനേഷന് എന്ന മാര്‍ഗം
വാക്സിനുകള്‍ കുറഞ്ഞത് 12-18 മാസം അകലെയാണ്. ഒരു വാക്സിന് ആര്‍ക്കെങ്കിലും പ്രതിരോധശേഷി നല്‍കണം, അവര്‍ രോഗബാധിതരാകാത്ത വിധം.
ജനസംഖ്യയുടെ ഏകദേശം 60% പേര്‍ക്കെങ്കിലും വാക്സിനേഷന് നല്‍കുക. ഇതോടെ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത നിലക്കും.ഈ ആഴ്ച യു.എസില്‍ ഒരാള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന് നല്കി. മൃഗങ്ങളില്‍ ആദ്യം പരിശോധന നടത്തുകയെന്ന നിയമം ഒഴിവാക്കാന്‍ ഗവേഷകരെ അനുവദിച്ചതിന് ശേഷമായിരുന്നു ഇത്.
വാക്സിന് ഗവേഷണം അഭൂതപൂര്‍വമായ വേഗത്തിലാണ് നടക്കുന്നത്, പക്ഷേ ഇത് വിജയിക്കുമെന്ന് ഉറപ്പില്ല, മാത്രമല്ല ആഗോളതലത്തില്‍ രോഗപ്രതിരോധം ആവശ്യമാണ്.
എല്ലാം സുഗമമായി നടക്കുന്നുവെങ്കില്‍ ഒരു വാക്സിന് 12 മുതല്‍ 18 മാസം വരെ സമയം കൊണ്ടേ വികസിപ്പിക്കാനാവൂ. ജനങ്ങള്‍ ഇത്രയധികം സാമൂഹിക നിയന്ത്രണങ്ങള്‍ നേരിടുമ്പോള്‍ അത് ദീര്‍ഘമായ കാലയളവാണ്.
സ്വാഭാവിക പ്രതിരോധശേഷി വികസനം
തടയാന്‍ കഴിയുന്നത്ര കേസുകള്‍ കുറയ്ക്കുക, അതിലൂടെ ആശുപത്രികള്‍ നിറഞ്ഞുകവിയുന്നത് ഒഴിവാക്കുക എന്നതാണ് യു.കെയുടെ ഹ്രസ്വകാല തന്ത്രം തീവ്രപരിചരണ കിടക്കകള്‍ തീര്‍ന്നുപോയാല്‍ മരണങ്ങള് വര്‍ധിക്കും.കേസുകള്‍ കുറയുന്നതായി തോന്നിയാല്‍ ചില നിയന്ത്രണ നടപടികള്‍ കുറച്ചുകാലത്തേക്ക് നീക്കാന്‍ ഉപകരിച്ചേക്കാം, കേസുകള്‍ ഉയരുകയും മറ്റൊരു ഘട്ട നിയന്ത്രണങ്ങള്‍ ആവശ്യമാകുകയും ചെയ്യുന്നത് വരെ.
സ്വയം പ്രതിരോധം എപ്പോള്‍ ആര്‍ജിക്കാന്‍ കഴിയും? ഇത് എപ്പോള്‍ എന്ന് ഉറപ്പില്ല. ഇക്കാര്യങ്ങളില്‍ കൃത്യമായ സമയപരിധി നിശ്ചയിക്കുന്നത് സാധ്യമല്ലെന്ന് യു.കെയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സര് പാട്രിക് വാലന്‍സ് പറയുന്നു.
ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ പ്രൊഫ. നീല്‍ ഫെര്ഗൂസണ് പറയുന്നതനുസരിച്ച് ഇത് സാധ്യമാകാന്‍ വര്‍ഷങ്ങളെടുക്കും.
രണ്ടു വര്‍ഷമെങ്കിലും തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ ഒരു പരിധിവരെ കമ്മ്യൂണിറ്റി പരിരക്ഷ നല്‍കാമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഈ പ്രതിരോധശേഷി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ചോദ്യചിഹ്നമുണ്ട്. ജലദോഷത്തിന്റെ ലക്ഷണങ്ങളുണ്ടാക്കുന്ന മറ്റ് കൊറോണ വൈറസുകള്‍ ഉദാഹരണം. വളരെ ദുര്‍ബലമായ രോഗപ്രതിരോധ പ്രതികരണത്തിലേക്ക് അവ നയിക്കുന്നു, മാത്രമല്ല ആളുകള്‍ക്ക് അവരുടെ ജീവിതകാലത്ത് ഒന്നിലധികം തവണ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്.
ഉത്തരമില്ലാത്ത മൂന്നാം മാര്‍ഗം
മൂന്നാമത്തെ ഓപ്ഷന് സമൂഹത്തിന്റെ സ്വഭാവത്തിലെ സ്ഥിരമായ മാറ്റങ്ങളാണ്, ഇത് പകര്‍ച്ച നിരക്ക് കുറയ്ക്കാന്‍ സഹായിക്കുന്നു- പ്രൊഫ. വൂള്‍ഹൗസ് പറഞ്ഞു.
നടപ്പിലാക്കിയ ചില നടപടികള്‍ തുടരുന്നത് ഇതില്‍ ഉള്‍പ്പെടാം. അല്ലെങ്കില്‍ രോഗികളെ കര്‍ശനമായ പരിശോധന നടത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക.
എന്നാല്‍ രോഗം ആദ്യമേ കണ്ടുപിടിക്കുകയും സമ്പര്ക്കരഹിതമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്തിട്ടും രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു.
കോവിഡ് 19 അണുബാധയെ വിജയകരമായി ചികിത്സിക്കാന്‍ കഴിയുന്ന മരുന്നുകള്‍ വികസിപ്പിക്കുന്നത് ഇക്കാര്യത്തില്‍ സഹായിക്കും.'ട്രാന്സ്മിഷന് കണ്ട്രോള്' എന്ന പ്രക്രിയയില്‍ ആളുകള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചാലുടന്‍ അവ മറ്റുള്ളവരിലേക്ക് കടക്കുന്നത് തടയാന്‍ അവ ഉപയോഗിക്കാം.
ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഒരു വാക്സിന് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമാണ്, അത് എത്രയും വേഗം സംഭവിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു. ആഗോളതലത്തില്‍ ശാസ്ത്രം ഇതിന് പരിഹാരങ്ങളുമായി വരും എന്ന ശുഭപ്രതീക്ഷ മാത്രം.