സ്മാർട്ട് സിറ്റി കൊച്ചിയിലെ ടെക്‌നോളജി സൊല്യൂഷൻസ് സർവീസസ് കമ്പനിയായ എൻഡൈമെൻഷൻസിന് (എൻ.ഡി.ഇസഡ്) മികച്ച തൊഴിൽ അന്തരീക്ഷത്തിനുള്ള 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' അംഗീകാരം. അറുപതോളം രാജ്യങ്ങളിലെ പതിനായിരത്തോളം കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലന്തരീക്ഷം അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തുന്ന റേറ്റിംഗ് ഏജൻസിയായ ഗ്രേറ്റ് പ്ലേസ് ടു വർക്കിന്റേതാണ് അംഗീകാരം. കമ്പനികളിൽ ജീവനക്കാർക്കുള്ള വിശ്വാസ്യതയാണ് ഗ്രേറ്റ് പ്ലേസ് ഓഫ് വർക്ക് വിലയിരുത്തുന്ന പ്രധാന ഘടകം. സ്മാർട്ട് സിറ്റി കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.ഡി.ഇസഡ് പി.സി.ഐ ലെവൽ ഒന്ന്, ഐ.എസ്.ഒ എന്നിവ സാക്ഷ്യപ്പെടുത്തിയ കമ്പനിയാണ്. മാനേജ്ഡ് സോഫ്റ്റ് വെയർ സർവീസസ്, സൈബർ സുരക്ഷ, ബിഗ് ഡാറ്റാ അനലിറ്റിക്‌സ്, ഇ റീട്ടെയിൽ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ദുബായ്, സിങ്കപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും കമ്പനിയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നു.
കമ്പനിയുടെ വിശ്വാസ്യതയും മികച്ച പ്രവർത്തന സംസ്‌കാരവും പടുത്തുയർത്തുന്നതിൽ യത്‌നിച്ച എല്ലാവരോടും നന്ദി പറയുന്നതായി എൻ.ഡി.ഇസഡ് സി.ഇ.ഒ ജിതിൻ എം.വി അറിയിച്ചു. മികച്ച വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഗുണമേൻമയുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ സ്മാർട്ട് സിറ്റി കൊച്ചി പ്രതിബദ്ധമാണെന്ന് സി.ഇ.ഒ മനോജ് നായർ പറഞ്ഞു. തുടർച്ചയായി രണ്ടാം തവണയാണ് സ്മാർട്ട് സിറ്റിയിലെ കമ്പനിക്ക് മികച്ച തൊഴിലന്തരീക്ഷത്തിനുള്ള അംഗീകാരം അടുത്തടുത്ത വർഷങ്ങളിൽ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.