ഉത്തരേന്ത്യയിലേക്കുള്ള കാർഷികോൽപന്ന നീക്കം തടസ്സപ്പെട്ടു. വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കാൻ ഉൽപാദകർ ചരക്കിൽ പിടിമുറുക്കേണ്ടതുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിന് നേരിട്ട തടസ്സം സുഗന്ധവ്യഞ്ജനങ്ങളിൽ സമ്മർദം ഉളവാക്കാം. കുരുമുളക്, ചുക്ക്, മഞ്ഞൾ, ജാതിക്ക, ഏലക്ക എന്നിവയുടെ നീക്കം തടസ്സപ്പെട്ടത് ആശങ്കയോടെയാണ് കാർഷിക മേഖല വീക്ഷിക്കുന്നത്. റബറിനെയും ഇത് കാര്യമായി ബാധിക്കും. അന്തർ സംസ്ഥാന വ്യാപാരികൾ വിപണികളിൽ നിന്ന് പിൻവലിയാനുള്ള സാധ്യതയുണ്ട്. വിൽപനക്ക് നീക്കം നടത്തിയാൽ വില ഇടിച്ച് ചരക്ക് കൈക്കലാക്കാൻ ഉത്തരേന്ത്യൻ ലോബി രംഗത്ത് ഇറങ്ങാം. വിപണിയെ ഈ നിർണായക ഘട്ടത്തിൽ താങ്ങാൻ ഉൽപാദകർ സംഘടിത ചുവടുവെപ്പ് നടത്തിയാൽ വില തകർച്ചയിൽ നിന്ന് വിളകളെ പിടിച്ചു നിർത്താനാവും.
കുരുമുളകിന് തൽക്കാലം ഇറക്കുമതി ഭീഷണി ഒഴിവാക്കുമെന്നത് കർഷകർക്കും സ്‌റ്റോക്കിസ്റ്റുകൾക്കും ആശ്വാസമാവും. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 75 ലേക്ക് ഇടിഞ്ഞത് ഇറക്കുമതിയുടെ ആകർഷണം കുറക്കും. രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4200 ഡോളറാണ്. ഇതര ഉൽപാദന രാജ്യങ്ങൾ പോയവാരം വിലയിൽ കാര്യമായ മാറ്റം വരുത്തിയില്ല. അൺ ഗാർബിൾഡ് 29,800 രൂപ.
കൊപ്രയുടെ താങ്ങ് വില പുതുക്കിയിട്ടും നാളികേരോൽപന്ന വിപണി ചലന രഹിതമാണ്. വില ഉയർത്തി കൊപ്ര ശേഖരിക്കാൻ മില്ലുകാർ വിസമതിച്ചത് മുന്നേറ്റത്തിന് തടസ്സമായി. കേന്ദ്രം കൊപ്രയുടെ താങ്ങു വില ക്വിൻറ്റലിന് 9960 രൂപയാക്കി. കൊച്ചിയിൽ തുടർച്ചയായ മൂന്നാം വാരവും കൊപ്ര 10,390 രൂപയിലും വെളിച്ചെണ്ണ 15,500 രൂപയിലുമാണ്. സാമ്പത്തിക മേഖലയിലെ പുതിയ പ്രതിസന്ധികൾ മൂലം വിൽപന തോത് കുറഞ്ഞു.
ക്രൂഡ് ഓയിൽ വില തകർച്ച കണ്ട് റബർ അവധി വ്യാപാരത്തിൽ ഇടപാടുകാർ വിൽപനക്ക് ഉത്സാഹിച്ചു. ഇത് റബർ ഉൽപാദന രാജ്യങ്ങളെ പ്രതിസന്ധിലാക്കി. അവധി വ്യാപാരത്തിലെ മാന്ദ്യം തളർച്ച മുൻനിർത്തി ടയർ ലോബി ഷീറ്റ് സംഭരണ നിരക്ക് ഇടിച്ചു. ടയർ കമ്പനികൾ നാലാം ഗ്രേഡ് 13,000 രൂപയിൽ നിന്ന് 12,700 ലേക്ക് താഴ്ത്തി. ഓഫ് സീസണായതിനാൽ കാർഷിക മേഖലകളിൽ നിന്നുള്ള റബർ വരവ് കുറഞ്ഞു. ടോകോം എക്‌സ്‌ചേഞ്ചിൽ റബർ മെയ് അവധി കിലോ 159 യെന്നിൽ നിന്ന് 147 യെൻ വരെ ഇടിഞ്ഞു. സ്വർണ വിലയിൽ വീണ്ടും ചാഞ്ചാട്ടം. ആഭരണ കേന്ദ്രങ്ങളിൽ പവൻ 30,320 രൂപയിൽ നിന്ന് 29,600 വരെ താഴ്ന്ന ശേഷം ശനിയാഴ്ച പവൻ 30,400 രൂപയിലാണ്.