കൊറോണ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ പകുതി ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലായി എല്ലാ ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരമുണ്ട്. ബാങ്കിംഗ് സേവനങ്ങൾ ഒരു തരത്തിലും മുടങ്ങിപ്പോകരുതെന്ന സർക്കുലറും ബാങ്ക് ജീവനക്കാർക്കായി പുറപ്പെടുവിച്ചിട്ടുണ്ട്. ഏപ്രിൽ നാലു വരെയാണ് ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നൽകിയിരിക്കുന്നത്. കാനറാ ബാങ്ക് മൂന്നു ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി നിശ്ചയിച്ചിട്ടുള്ളത്. എല്ലാ ശാഖകളിലും പാസ് ബുക്ക് പ്രിന്റ് ചെയ്തു നൽകുന്ന സംവിധാനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ഇതു വഴി രോഗം പടരാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണിത്.
ടാറ്റാ മോട്ടോഴ്‌സ് ഉൽപാദനം കുറച്ചു. ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയിലാണ് ടാറ്റയുടെ ഏറ്റവും വലിയ നിർമാണ ഫാക്ടറിയുള്ളത്. പൂനെയിലുള്ള പ്ലാന്റ് ചൊവ്വാഴ്ചയോടെ അടച്ചിടുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചത്. എന്നാൽ തൊഴിലാളികൾക്ക് വേതനം പതിവു പോലെ ലഭിക്കും. ഹിന്ദുസ്ഥാൻ യൂനിലിവർ സോപ്പ് അടക്കമുള്ള പേഴ്‌സണൽ കെയർ ഉൽപന്നങ്ങളുടെയും വില 15 ശതമാനം കുറച്ചു. ലൈഫ് ബോയ് ഹാൻഡ് സാനിറ്റൈസർ, ഹാൻഡ് വാഷ്, ഡൊമെക്‌സ് ഫ്‌ളോർ ക്ലീനർ എന്നിവയെല്ലാം ഇതിൽ പെടുന്നു. ഇത്തരം ഉൽപന്നങ്ങളുടെ വിൽപന കൂടിയ സാഹചര്യത്തിൽ ഉൽപാദനം വർധിപ്പിച്ചിരിക്കുകയുമാണ്. രണ്ടു കോടി ലൈഫ് ബോയ് സോപ്പ് സൗജന്യമായി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.