Sorry, you need to enable JavaScript to visit this website.

കൊറോണ; താത്കാലിക ആശുപത്രി സ്ഥാപിക്കാന്‍ വെന്റിലേറ്ററും റിസോര്‍ട്ടും നല്‍കുമെന്ന് ആനന്ദ് മഹീന്ദ്ര


മുംബൈ- കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. എന്നാല്‍ മതിയായ ചികിത്സാ സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലെന്നത് വാസ്തവമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് പ്രതിരോധനടപടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുനല്‍കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് മഹീന്ദ്രഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. വെന്റിലേറ്ററുകള്‍ എത്ര വേണമെങ്കിലും ഉടന്‍ നിര്‍മിച്ച് നല്‍കുമെന്നാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. കൂടാതെ മഹീന്ദ്രയുടെ അവധികാല റിസോര്‍ട്ട്  ഐസൊലേഷന്‍ വാര്‍ഡുകള്‍ സംവിധാനിക്കാനായി വിട്ടുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.താത്കാലികമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തന്റെ കമ്പനിയിലെ പ്രൊജക്ട് ടീം സന്നദ്ധമാണ്. കൊറോണ വ്യാപനത്തിന്റെ രണ്ടാംഘട്ടം പിന്നിട്ട് മൂന്നാംഘട്ടത്തിലേക്ക് എത്തുന്ന ഈ സമയത്ത് നമ്മള്‍ക്ക് കൂടുതല്‍ താത്കാലിക ആശുപത്രികള്‍ വേണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിരുന്നു.

തന്റെ ശമ്പളം പൂര്‍ണമായും സംഭാവനയായി നല്‍കുമെന്നും മഹീന്ദ്രഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് താന്‍ മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. മഹീന്ദ്ര മാത്രമല്ല ലോകത്തെ പ്രമുഖ ബിസിനസ് ടൈക്കൂണുകള്‍ ഈ പ്രതികൂല സാഹചര്യത്തില്‍  സഹായങ്ങളുമായി മുമ്പോട്ട് വന്നിട്ടുണ്ട്. ടെസ്ല സിഇഓ ഇലണ്‍ മസ്‌ക്, ആപ്പിളിന്റെ മേധാവി ടിം കുക്ക്, ആലിബാബ സ്ഥാപകന്‍ ജാക്ക് മാ എന്നിവരൊക്കെ കൊറോണ വൈറസിനെ നേരിടാന്‍ അതത് രാജ്യങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിലവില്‍ 332 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. മരണസംഖ്യ ഏഴായി ഉയര്‍ന്നിരുന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ള സംസ്ഥാനമെന്ന് അധികൃതര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 74 പേരാണ് നിലവില്‍ അസുഖബാധിതര്‍.
 

Latest News