ന്യൂദൽഹി- കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ട്രെയിൻ സർവീസുകളും അന്തർസംസ്ഥാന ബസുകളും നിർത്തിയിട്ടതോടെ രാജ്യം ഏറെക്കുറെ നിശ്ചലമായി. ആയിരത്തോളം ട്രെയിനുകളാണ് റെയിൽവേ റദ്ദാക്കിയത്. ഈ മാസം 31 വരെയാണ് സർവീസുകൾ നിർത്തിവെച്ചത്. ഇന്ത്യയിൽ ഇതോടകം 391 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേർ മരിക്കുകയും ചെയ്തു. അതിനിടെ, ദൽഹി, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിലാണ്. രാജ്യത്തുടനീളം 75 ജില്ലകളിൽ കേന്ദ്രം ലോക്ക് ഡൗണിന് നിർദ്ദേശം നൽകിയിരുന്നു.
ഇന്നലെ ചേർന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് മാർച്ച് 31 വരെ സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചത്. യാത്ര തുടങ്ങിയ പാസഞ്ചർ ട്രെയിനുകൾ സർവീസ് പൂർത്തിയാക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിരുന്നു. അവശ്യവസ്തുക്കളുടെ വിതരണം റെയിൽവേ വഴി നടത്തുമെന്നും ഉറപ്പു നൽകിയിട്ടുണ്ട്.