മുംബൈ- മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ച് പുറത്തിറങ്ങിയവര്‍ക്ക് എതിരെ കേസ് രജിസ്ട്രര്‍ ചെയ്ത് തുടങ്ങി. ഇതുവരെ 540 പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.ലോക്ഡൗണ്‍ പാലിക്കാത്തതും യാത്രാ വിവരങ്ങള്‍ മറച്ചുവെച്ചതും വീട്ടിലെ ക്വറന്റൈന്‍ ലംഘിച്ചതും സ്വന്തം ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനോ ലാഭത്തിനോ വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും എതിരെയാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി രോഗ നിയമം സംസ്ഥാനത്ത് നിലവിലുണ്ടെന്നും ഐപിസിയും ദുരന്തനിവാരണ നിയമത്തിലെ വകുപ്പുകളും ഇത്തരക്കാര്‍ക്ക് എതിരെ ചുമത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച വരെ പൂനെയില്‍ 188 കേസുകളും പല്‍ഗറില്‍ 74 കേസുകളും താനെയില്‍ 95 കേസുകളുമാണ് രജിസ്ട്രര്‍ ചെയ്തത്. സോലാപൂരില്‍ 44 പേര്‍ക്ക് എതിരെ കേസെടുത്തപ്പോള്‍ നാഗ്പൂരില്‍ 13 പേരാണ് കുടുങ്ങിയത്. വീട്ടില്‍ ക്വാറന്റൈന്‍ ചെയ്ത ഒരു രോഗി ധാരാവിയിലെ തെരുവിലൂടെ ചുറ്റിക്കറങ്ങിയതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇയാള്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം പെരുകിയ സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര വിമാനങ്ങള്‍ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.