ചണ്ഡീഗഡ്- സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ അനുയായികളുടെ അക്രമത്തിനെതിരെ നടപടി സ്വീകരിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധനമന്ത്രിയാണെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രിയല്ലെന്നും ഓർമ്മിപ്പിച്ച ഹൈക്കോടതി സംസ്ഥാന മുഖ്യമന്ത്രിയെയും വെറുതെവിട്ടില്ല. ഇന്നലെ ഹരിയാനയിൽ നടന്ന അക്രമസംഭവങ്ങൾ സംസ്ഥാനത്തിന്റെ മാത്രം കാര്യമാണെന്ന കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ സത്യപാൽ ജെയിനിന്റെ പരാമർശമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്.
പഞ്ചാബും ഹരിയാനയുമൊന്നും ഇന്ത്യയിലല്ലേ?. പിന്നെന്താണ് രണ്ടാം തരക്കാരായി കാണുന്നത് എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.
പഞ്ച്കുല പോലൊരു നഗരം രാഷ്ട്രീയ ലാഭത്തിനായി കത്തിച്ചാമ്പലാകാൻ അനുവദിച്ചുവെന്നാണ് നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനുള്ള ശക്തമായ താക്കീതായിരുന്നു ഇത്.
ബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ട ആൾദൈവം ഗുർമീത് റാം റഹീം സിംഗിന്റെ അനുയായികൾ അഴിച്ചുവിട്ട അക്രമത്തിന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ കൂട്ടുനിന്നെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഒരു ചെറിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. വിധി കേൾക്കുന്നനായി ഗുർപ്രീത് റാം റഹീമിനൊപ്പം ഇരുന്നൂറോളം കാറുകൾ വരാൻ അനുവദിച്ചതിനെയും കോടതി വിമർശിച്ചു.