ന്യൂദൽഹി- കൊലപാതക കേസിൽ ജയിലിൽ കഴിയുകയായിരുന്ന മാധ്യമ രാജാവ് പീറ്റർ മുഖർജി ജാമ്യത്തിലിറങ്ങി. ഇന്ന് രാവിലെ 8.45ന് ആർതർ റോഡിലെ ജയിലിൽനിന്നാണ് നാലുവർഷത്തിന് ശേഷം പീറ്റർ മുഖർജി പുറത്തിറങ്ങിയത്. തന്റെ ഭാര്യ ഇന്ദ്രാണി മുഖർജിയുടെ മുൻ വിവാഹത്തിലെ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് പീറ്റർ മുഖർജി ജാമ്യത്തിലിറങ്ങിയത്. 2015 നവംബറിലാണ് പീറ്റർ മുഖർജി ജയിലിലായത്. സി.ബി.ഐ അന്വേഷിച്ച കേസിലായിരുന്നു അറസ്റ്റ്. പുറത്തിറങ്ങിയ മുഖർജി മുംബൈ മാർളോയിലെ വസതിയിലേക്ക് പോയി. 2012-ലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. ഇന്ദ്രാണി മുഖര്‍ജി തന്റെ രണ്ടാം ഭര്‍ത്താവിന്റെ സഹായത്തോടെയായിരുന്നു കൃത്യം നടത്തിയത്. ഷീന കൊല്ലപ്പെട്ടത് പീറ്റർ മുഖർജിക്ക് അറിയാമായിരുന്നുവെന്നും നിശബ്ദനായ കൊലയാളിയാണെന്നുമായിരുന്നുമായിരുന്നു കോടതി നേരത്തെ പീറ്റർ മുഖർജിയെ വിശേഷിപ്പിച്ചത്. മുംബൈ മെട്രോവണ്ണിൽ ജോലി ചെയ്തിരുന്ന ഷീന പീറ്റർ മുഖർജിയുടെ ആദ്യ ഭാര്യയിലെ മകൻ രാഹുലിനെ പ്രണയിച്ചതാണ് കൊലയ്ക്ക് പിന്നിൽ. പ്രണയത്തിൽനിന്ന് മകളെ പിന്തിരിപ്പിക്കാൻ ഇന്ദ്രാണി മുഖർജി ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.