ഹൈദരാബാദ്- സമ്പർക്ക വിലക്ക് ലംഘിച്ച് ഹൈദരാബാദിൽ യുവാവിന്റെ വിവാഹം. ഒരാഴ്ച മുമ്പ് ഫ്രാൻസിൽനിന്നെത്തിയ യുവാവിന്റെ വിവാഹമാണ് കഴിഞ്ഞദിവസം നടന്നത്. ഫ്രാൻസിൽനിന്ന് സുഹൃത്തിനൊപ്പം എത്തിയ ഇയാളുടെ വിവാഹത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തുവെന്നാണ് വിവരം. അതേസമയം, വിവാഹത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടത്താനിരുന്ന സൽക്കാരം മാറ്റിവെച്ചു. ഫ്രാൻസിൽനിന്നെത്തിയ ഇയാൾക്ക് നിർബന്ധിത സമ്പർക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ഇയാൾ വിവാഹിതനായത്. ഇയാളോ വധുവോ മാസ്‌ക് പോലും ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. മാർച്ച് 12നാണ് ഇയാൾ ഫ്രാൻസിൽനിന്നെത്തിയത്. ക്വാറന്റൈനിലായിരുന്ന ഇദ്ദേഹം വിലക്ക് ലംഘിച്ചാണ് വാറങ്കലിലെ വിവാഹത്തിനെത്തിയത്. കൊറോണ ഭീതി നിലനിൽക്കുന്ന ഹൈദരാബാദിനെ കൂടുതൽ ഭീതിയാലാഴ്ത്താൻ ഈ സംഭവം ഇടയാക്കിയിട്ടുണ്ട്.