ഗ്വായാക്വില്‍- കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ ചെറുക്കാന്‍ വിമാനങ്ങളെ തടയുകയാണ് ഇക്വഡോറിലെ ഒരു വിമാനത്താവളം. വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാതിരിക്കാന്‍ റണ്‍വേയില്‍ വാഹനങ്ങള്‍ നിരത്തിയിട്ടിരിക്കുകയാണ്. ദക്ഷിണ അമേരിക്കന്‍ രാജ്യമായ ഗ്വായാക്വിലിലെ വിമാനത്താവളത്തിലാണ് പൊലീസ് ഇത്തരത്തില്‍ വാഹനങ്ങള്‍ നിരത്തിയിരിക്കുന്നത്. സ്‌പെയ്‌നിലെ മാന്‍ഡ്രിഡില്‍ നിന്നെത്തിയ വിമാനത്തിനും ആംസ്റ്റര്‍ഡാമില്‍ നിന്നെത്തിയ കെഎല്‍എം വിമാനത്തിനുമാണ് ലാന്‍ഡിങ് നിഷേധിച്ചത്. ഗ്വായാക്വിലിലെ മേയറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി എന്നാണ് റിപ്പോര്‍ട്ട്.
ഇക്വഡോര്‍ അതിര്‍ത്തികളെല്ലാം അടച്ചിരുന്നുവെങ്കിലും വിമാനത്താവളത്തിന്റെ അതിര്‍ത്തികള്‍ അടച്ചിരുന്നില്ല. അതേസമയം, വൈറസ് ബാധ ഏറെയുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങളിലെ ജീവനക്കാരെ നഗരത്തില്‍ പ്രവേശിപ്പിക്കുന്നതും ഒരു ദിവസം താമസിപ്പിക്കുന്നതും അപകടകരമായതിനാലാണ് റണ്‍വേയില്‍ വാഹനങ്ങള്‍ ഇട്ടതെന്നാണ് മേയര്‍ പറയുന്നത്.