ന്യൂദല്‍ഹി- ഗായിക കനിക കപൂറിന് കൊറോണ പരിശോധനാഫലം പോസിറ്റീവായ സാഹചര്യത്തില്‍ ആശങ്കയിലായി രാഷ്ട്രീയ പ്രമുഖരും രാഷ്ട്രപതിയും. കനികയ്‌ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തവരും അവരുമായി ഇടപഴകിയവരുമാണ് കൊറോണ ഭീതിയിലായത്. ലഖ്‌നൗവില്‍ നടന്ന അത്താഴവിരുന്നില്‍ ദല്‍ഹിയിലേക്ക് പോയ ചില രാഷ്ട്രീയക്കാരും പങ്കെടുത്തിരുന്നു. അവരില്‍ ഉള്‍പ്പെട്ട പാര്‍ലമെന്റ് അംഗം രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നതായാണ് വിവരം. ഇതേതുടര്‍ന്ന് രാഷ്ട്രപതിയുടെ പരിപാടികളും സന്ദര്‍ശനങ്ങളുമെല്ലാം റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
കനിക തനിക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന് സോഷ്യല്‍മീഡിയയില്‍ അറിയിച്ച പശ്ചാത്തലത്തില്‍ താനും മകനും സെല്‍ഫ് ക്വാറന്റൈനിലേക്ക് പോകുകയാണെന്ന് ബിജെപി നേതാവ് വസുന്ധര രാജെ അറിയിച്ചു. അവരുമായി നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇടപഴകിയതായും റിപ്പോര്‍ട്ടുണ്ട്. ലഖ്‌നൗവില്‍ ഉണ്ടായിരിക്കെ താനും മകനും മരുമകള്‍ക്കൊപ്പം ഒരു അത്താഴ വിരുന്നില്‍ പങ്കെടുത്തു. നിര്‍ഭാഗ്യവശാല്‍ കോവിഡ് -19 സ്ഥിരീകരിച്ച ഗായിക കനികയും ആ പരിപാടിയില്‍ അതിഥിയായിരുന്നു. വളരെയധികം ജാഗ്രത പുലര്‍ത്തേണ്ട സമയമായതിനാല്‍ താനും കുടുംബവും സ്വയം ക്വാറന്റൈന്‍ ചെയ്യുകയാണെന്ന് മുന്‍ രാജസ്ഥാന്‍ മുഖ്യമന്തികൂടിയായ അവര്‍ ട്വീറ്റ് ചെയ്തു.