കൊറോണയെ പേടിച്ച് ജനം ഉപേക്ഷിച്ച തെരുവില്‍ 'ദിനോസര്‍'; വീഡിയോ കാണാം


മാഡ്രിഡ് -കൊറോണ വൈറസ് ബാധ ഏറ്റവും മോശമായി ബാധിച്ച നാലാമത്തെ രാജ്യമായ സ്‌പെയിനില്‍ ജനജീവിതം നിശ്ചലമായിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വിജനമായ തെരുവിലൂടെ പട്രോളിങ്ങിനിറങ്ങിയ പോലിസ് ഒരു കാഴ്ച കണ്ട് അന്തംവിട്ടു.മുറിഷ്യയിലെ വിജനമായ തെരുവിലൂടെ നിബന്ധനകളെല്ലാം കാറ്റില്‍പറത്തി ഒരു ദിനോസര്‍ നടന്നുപോകുന്നു. ആളൊഴിഞ്ഞ നേരം നോക്കി ഇനിയെങ്ങാനും ശരിക്കും ദിനോസര്‍ എത്തിയതാകുമോയെന്ന് ശങ്കിച്ച പോലിസുകാര്‍ സസൂക്ഷ്മം വീക്ഷിച്ചു.

അപ്പോഴാണ് ദിനോസറല്ല ദിനോസര്‍ രൂപമണിഞ്ഞ് ഒരാള്‍ നടന്നുപോകുകയാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടില്‍ നിന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ പുറത്തിറങ്ങിയ ദിനോസറിനെ ഉടന്‍ പോലിസ് പൊക്കി. മുന്നറിയിപ്പ് നല്‍കിയശേഷം വിട്ടയച്ചതായി പോലിസ് അറിയിച്ചു. എന്നിരുന്നാലും ഇനി ആരെങ്കിലും തന്റെ വളര്‍ത്തുമൃഗങ്ങളുടെ വേഷമണിഞ്ഞ് പുറത്തിറങ്ങിയാല്‍ പിടികൂടി നടപടിയെടുക്കുമെന്ന് പോലിസ് പറഞ്ഞു. ആളുകളെ ബോധവത്കരിക്കുന്നതിനായി ദിനോസര്‍ വേഷത്തില്‍ ചുറ്റികറങ്ങുന്നതിന്റെ വീഡിയോയും പോലിസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു.
 

Latest News