ന്യൂദല്‍ഹി-മുന്‍ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ 11 മണിക്കാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നടക്കുക. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്തിരുന്നത്. ജുഡീഷ്യല്‍ സംവിധാനത്തിലുള്ളവരെ രാജ്യസഭയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യുന്നത് അപൂര്വ്വനടപടിയെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. കലാ,കായിക മേഖലകളിലുള്ളവരെയാണ് ഇത്തരത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പില്ലാതെ നേരിട്ട് നാമനിര്‍ദേശം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വത്തിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രഞ്ജന്‍ ഗോഗോയ് ലൈംഗിക വൈകൃതമുള്ളയാളാണെന്ന് മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന മാര്‍ക്കണ്ഡേയ കഠ്ജു അഭിപ്രായപ്പെട്ടു.താന്‍ ഇരുപത് വര്‍ഷം അഭിഭാഷകനും ബാക്കി ഇരുപത് വര്‍ഷം ജഡ്ജുമായിരുന്ന ആളാണ്. തനിക്ക് നല്ലവരും മോശവുമായ ജഡ്ജുമാരെ കുറിച്ച് നല്ല ധാരണയുണ്ട്. എന്നാല്‍ രഞ്ജന്‍ ഗോഗോയിയെ പോലെ ലൈംഗിക വൈകൃതമുള്ള ലജ്ജയില്ലാത്തവനും അന്തസില്ലാത്തവനുമായ ഒരു ജഡ്ജ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നതിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.