Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡില്‍ 'പശു തീര്‍ത്ഥാടന കേന്ദ്രം' വേണമെന്ന് ആര്‍ എസ് എസ് 

ന്യൂദല്‍ഹി- ഹരിദ്വാറിലെ കത്താര്‍പൂര്‍ ഗ്രാമം ഒരു പശു തീര്‍ത്ഥാടന കേന്ദ്രമായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് നേതാക്കള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ കണ്ടു. പശുവിനെ കൊല്ലുന്നതിനെതിരെ 1918-ല്‍ സമരം ചെയ്ത് ജീവന്‍ വെടിഞ്ഞ ഹിന്ദു വിശ്വാസികളുടെ നാടാണിതെന്നും ഇവരുടെ സ്മരണയ്ക്കായി പശു തീര്‍ത്ഥാടന കേന്ദ്രം സ്ഥാപിക്കണമെന്നുമാണ് ആര്‍ എസ് എസ് ആവശ്യപ്പെട്ടത്. 'ഒരു പശുവിനെ കൊല്ലുന്നതിനെതിരെ സമരം ചെയ്ത ഈ ഗ്രാമത്തിലെ നിരവധി ഹിന്ദുക്കള്‍ മുസ്ലിംകളാലും ബ്രിട്ടീഷുകാരാലും കൊല്ലപ്പെട്ടിട്ടുണ്ട്. നാലു ഹിന്ദുവിശ്വാസികളെ തൂക്കിലേറ്റുകയും 135 പേരെ ജയിലിലടക്കുകയും ചെയ്തു,' മുഖ്യമന്ത്രിയെ കണ്ട ശേഷം ആര്‍ എസ് എസ് മേഖലാ തലവന്‍ ദിനേശ് സെമവാള്‍ പറഞ്ഞു.

ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഗോപാല്‍ കിഷന്‍, റാം ലാല്‍, ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ആര്‍ എസ് എസിന്റെ ആവശ്യം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണെന്ന് പ്രാദേശിക ബിജെപി എംഎല്‍എയായ സ്വാമി യതീശ്വരാനന്ദ പറഞ്ഞു.

ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് കത്തര്‍പൂര്‍ ഗ്രാമം. ഇവിടെ ഒരു പശു സംരക്ഷണ സ്മാരകം നിലവിലുണ്ട്. 1918-ല്‍ നടന്ന സമരത്തിന്റെ ഓര്‍മ്മയില്‍ വര്‍ഷംതോറും ഇവിടെ പരിപാടികള്‍ നടന്നു വരുന്നു. ഈ സമരത്തില്‍ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര പോരാളികളായി പ്രഖ്യാപിക്കണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെടുന്നു. 

Latest News