Sorry, you need to enable JavaScript to visit this website.

സ്വകാര്യത മൗലികാവകാശം

ന്യൂദൽഹി- സ്വകാര്യത മൗലിക അവകാശമാക്കി സുപ്രീം കോടതിയുടെ ചരിത്ര വിധി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നതാണെന്നാണ് സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഐകകണ്‌ഠ്യേന വിധിച്ചത്. സ്വകാര്യതയെ ഹനിക്കുന്ന നിയമനിർമാണം ഇനി അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ആധാർ കാർഡിനുവേണ്ടി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ നിർബന്ധപൂർവം ശേഖരിക്കുന്ന സർക്കാർ നടപടിക്ക് തടസ്സം സൃഷ്ടിക്കുന്നതാണ് ഈ വിധി. സ്വവർഗാനുരാഗികൾക്കും മറ്റും വിധി ആവേശം നൽകുന്നതാണ്. ഇന്ത്യയുടെ വിവേചന ബുദ്ധിയെ അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധേയമാക്കുന്ന സുപ്രധാന വിധി കൂടിയാണിത്. 
സ്വകാര്യത ഭരണഘടനാസൃതമല്ലെന്ന എം.പി ശർമ, ഖരക് സിംഗ് കേസുകളിലെ സുപ്രീം കോടതിയുടെ മുമ്പത്തെ വിധികൾ മറികടന്നാണ് ഒമ്പതംഗ ബെഞ്ചിന്റെ ഇപ്പോഴത്തെ വിധി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നൽകുന്ന അവകാശങ്ങളിൽപെട്ടതാണ് സ്വകാര്യത. ഇത് ജീവിക്കാനുള്ള അവകാശവുമായും വ്യക്തിസ്വാതന്ത്ര്യവുമായും നൈസർഗികമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, സ്വകാര്യത എന്നത് സമ്പൂർണ അവകാശമല്ലെന്നും വിധിയിൽ നിരീക്ഷിക്കുന്നുണ്ട്. കാര്യകാരണ സഹിതം നിയമപരമായ ഇടപെടൽ സ്വകാര്യതയിലും ന്യായീകരിക്കപ്പെടുമെന്നും വിധിയിൽ സൂചിപ്പിക്കുന്നു. 
ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചിൽ ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, എസ്.എ ബോഡെ, ആർ.കെ അഗർവാൾ, ആർ.എഫ്. നരിമാൻ, എ.എം. സാപ്രേ, ഡി.വൈ ചന്ദ്രചൂഡ്, എസ്.കെ കൗൾ, എസ്. അബ്ദുൽ നസീർ എന്നിവരാണുള്ളത്. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ അവസാന വിധിന്യായം കൂടിയാണിത്. എട്ടുമാസം മുമ്പ് ചുമതലയേറ്റ അദ്ദേഹം രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ച വിധിന്യായങ്ങൾ പുറപ്പെടുവിച്ച ശേഷമാണ് സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത്.
സ്വകാര്യത മൗലിക അവകാശമല്ലെന്നു 1954 മാർച്ച് 15ന് എം.പി ശർമ കേസിൽ എട്ടംഗ ബെഞ്ചിന്റെ വിധിയും, 1962 ഡിസംബർ 18ലെ ഖരക് സിംഗ് കേസിലെ ആറംഗ ബെഞ്ചിന്റെ വിധിയും ഇതോടെ അസാധുവാക്കുന്നതായി പുതിയ വിധിയുടെ ഉപസംഹാരം വായിക്കവേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആധാർ നിർബന്ധമാക്കണോ എന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വിധി പറയും. 
സ്വകാര്യത മൗലികാവകാശമല്ലെന്ന് വാദിച്ച കേന്ദ്ര സർക്കാരിന് ഈ വിധി തിരിച്ചടിയാണ്. എന്നാൽ ഈ വിഷയത്തിൽ കക്ഷി ചേർന്ന കേരളത്തിന്റെ നിലപാടിന് അംഗീകാരമായി. 
പരാതിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, സോളി സൊറാബ്ജി, ശ്യാം ധവാൻ തുടങ്ങിയവർ സ്വകാര്യത മൗലികാവകാശമാണെന്ന് ശക്തമായി വാദിച്ചു. സ്വകാര്യത മനുഷ്യന്റെ ജീവിതവും സ്വാതന്ത്ര്യവുമായി എല്ലാത്തരത്തിലും ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് ഗോപാൽ സുബ്രഹ്മണ്യം വാദിച്ചു. മനുഷ്യന്റെ എല്ലാ തെരഞ്ഞെടുപ്പുകളും സ്വാതന്ത്ര്യത്തിന്റെ നിർവഹണമാണ്. ഇതെല്ലാം തന്നെ സ്വകാര്യതയുമായി ബന്ധപ്പെട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
സ്വകാര്യത അന്യാധീനപ്പെടുത്താൻ സാധ്യമല്ലാത്ത അവകാശമാണെന്നും മനുഷ്യരുടെ വ്യക്തിത്വത്തിൽ തന്നെ അന്തർലീനമാണെന്നും സോളി സൊറാബ്ജി വാദിച്ചു. സ്വകാര്യതയ്ക്കു വേണ്ടിയുള്ള അവകാശമെന്ന് ഭരണഘടനയിൽ എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഇത് നിലനിൽക്കുന്നില്ലെന്ന് അതുകൊണ്ട് അർഥമില്ല. ഭരണഘടനയുടെ 19 (1) വകുപ്പിൽ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് എടുത്തു പറയുന്നില്ലെങ്കിലും സംസാര സ്വാതന്ത്ര്യത്തിൽ അത് അന്തർലീനമാണെന്നും ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. 
സ്വകാര്യത അവകാശമാണെന്നതു സംബന്ധിച്ച് 1975 മുതൽ തകർക്കാനാകാത്ത വ്യവസ്ഥകളുണ്ടെന്നാണ് ശ്യാം ദിവാൻ വാദിച്ചത്. 
എന്നാൽ, സമൂഹത്തിലെ വരേണ്യ വിഭാഗം മാത്രമാണ് സ്വകാര്യത സംബന്ധിച്ച ആശങ്ക പങ്കുവെക്കുന്നതെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. ആഹാരത്തിലൂടെയും പാർപ്പിടത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും രാജ്യത്തെ കോടിക്കണക്കിന് ദരിദ്രരുടെ ജീവിക്കാനുള്ള അവകാശത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ വാദിച്ചു. സ്വകാര്യതയ്ക്കു വേണ്ടി വാദിക്കേണ്ടത് വികസിത രാജ്യങ്ങളിലാണ്, നിരവധി ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഇന്ത്യയെ പോലൊരു രാജ്യത്തല്ല.  സ്വകാര്യത മൗലികാവകാശമാകുന്നത് കൊണ്ട് ആധാർ പദ്ധതി തള്ളിക്കളയാനാകില്ല. സർക്കാർ 100 കോടിയോളം പൗരൻമാരെ 6,300 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ഭാഗമാക്കിയത്. ഇതിൽ നിന്നു പിന്നോട്ടു പോകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ആധാറിന് വേണ്ടി പൗരൻമാരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാനുള്ള യു.പി.എ സർക്കാരിന്റെ തീരുമാനത്തിനെതിരേ 2012ൽ റിട്ട. ജഡ്ജി കെ.എസ്. പുട്ടസ്വാമിയുടെ നേതൃത്വത്തിൽ ഒരു സംഘം പരാതിക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 2015 ഓഗസ്റ്റ് 11നാണ് കേസ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുന്നത്. ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ഈ വർഷം ജൂലൈ 18ന് ഹരജികൾ പരിഗണനയ്‌ക്കെടുത്തപ്പോൾ വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. തുടർന്നാണ് കേസ് ഒമ്പതംഗ ബെഞ്ചിന്റെ മുന്നിലെത്തിയത്. ജൂലൈ 19 മുതൽ ഓഗസ്റ്റ് രണ്ടു വരെയാണ് കോടതി വാദം കേട്ടത്. 
അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനുപുറമെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായി. സർക്കാരിനെതിരായ വാദത്തിൽ പ്രമുഖ അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, അരവിന്ദ് ദത്താർ, ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാൻ, ആനന്ദ് ഗ്രോവർ, സി.എ സുന്ദരം, രാകേഷ് ദ്വിവേദി തുടങ്ങിയവരും അണിനിരന്നു.                     (പേജ് 10 കാണുക)

Latest News