Sorry, you need to enable JavaScript to visit this website.

കൊറോണ; മരണനിരക്ക് കൂടുന്നത് പ്രമേഹരോഗികളിലും പ്രായമായവരിലും; ആരോഗ്യവിദഗ്ധരുടെ വിലയിരുത്തലുകള്‍


ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധ മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ പ്രായമുള്ളവരും ജീവിതശൈലീ രോഗങ്ങളുള്ളവരും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹൃദയസംബന്ധിയായ പ്രശ്‌നങ്ങളുള്ളവരും പ്രമേഹമോ രക്താതിസമ്മര്‍ദ്ദമോ ഉള്ളവരിലും വൈറസ് മാരകമായേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യയില്‍ വൈറസ് ബാധയേറ്റ് മരിച്ച രണ്ട് പേരും ഇത്തരത്തിലുള്ള രോഗാവസ്ഥയുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.ചൈനയില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് ബാധയേറ്റവരില്‍ ഏറ്റവും കൂടുതല്‍ അപകടാവസ്ഥയിലുള്ളത് മുതിര്‍ന്ന പൗരന്മാരാണെന്ന് വ്യക്തമായതായി ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ തലവന്‍ ഡോ. വികാസ് മൗര്യ പറഞ്ഞു.മരിച്ച രോഗികളില്‍ 19% പേരും പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉള്ളവരാണ്.  പ്രമേഹമോ രക്താതിസമ്മര്‍ദ്ദമോ ഹൃദയാരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവരില്‍ പ്രതിരോധ ശേഷി കുറയുന്നതാണ് മരണത്തിലേക്ക് എളുപ്പം എത്തിക്കുന്നതെന്നും അദേഹം പറഞ്ഞു.  

ഇന്നലെ ദല്‍ഹിയില്‍ മരിച്ച 69കാരിയ്ക്ക് അവരുടെ ഇറ്റലിയില്‍ നിന്ന് മടങ്ങി വന്ന മകനിലൂടെയാണ് വൈറസ് ബാധയുണ്ടായത്. അവര്‍ക്ക് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നുവെന്നും അതാണ് പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിച്ചതെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. കര്‍ണാടകയില്‍ നേരത്തെ മരിച്ച 76കാരനും സമാന അസുഖങ്ങളുണ്ടായിരുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍  പ്രസിദ്ധീകരിച്ച പഠനം കണക്കിലെടുത്താല്‍ കോവിഡ് 19ന്റെ  ശരാശരി മരണനിരക്ക് 2.3% ആണ്. ഇത് കുത്തനെ ഉയരുന്നുവെന്ന് ഇന്ത്യ അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍സ് പ്രസിഡന്റ് ഡോ.രാമന്‍കുമാര്‍ പറയുന്നു. എണ്‍പത് വയസിന് മുകളിലുള്ള രോഗികളില്‍ 15% ആണ് മരണസാധ്യത. മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും പ്രായമായവര്‍ക്കും ആണ് കോവിഡ് 19 അണുബാധയുടെ സാധ്യത കൂടുതലെന്നാണ് വ്യക്തമാകുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു.
 

Latest News