Sorry, you need to enable JavaScript to visit this website.

അവർ കുതിക്കുന്നു; രാജ്യത്തോടൊപ്പം, ലോകത്തോടൊപ്പം

സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്ര സ്ഥാനത്തുനിന്നും സ്ത്രീകൾ അരികുവൽക്കരിക്കപ്പെടുമ്പോൾ അതൊരു രാജ്യത്തിന്റെ തന്നെ വികസനക്കുതിപ്പിന് തടയിടുന്നതിനു തുല്യമാണെന്ന തിരിച്ചറിവിൽനിന്നാണ് അറേബ്യൻ വനിതാ സമൂഹത്തിന് ഭരണകൂടം പൊതുധാരയിൽ ഇടപെടാനുള്ള സൗകര്യമൊരുക്കിയത്. തങ്ങളെ ഏൽപിച്ച ഉത്തരവാദിത്തം കാര്യക്ഷമമായി നിർവഹിക്കുന്നതിലൂടെ അവരും സൗദി അറേബ്യയുടെ പൊതുമണ്ഡലത്തിൽ തിളങ്ങുകയാണ്. മനുഷ്യ വംശത്തിന്റെ മാറിവരുന്ന ചരിത്രത്തിൽ നിസ്തുലമായ സ്ഥാനമാണ് സ്ത്രീകൾക്കുള്ളത്.
സ്ഥാപനവൽക്കരിക്കപ്പെട്ട സ്ത്രീത്വം മോചിപ്പിക്കപ്പെടുകയും സ്വന്തം കാഴ്ചപ്പാടിലൂടെ അനുഭവങ്ങളെ തിരിച്ചറിയുകയും ചെയ്യുമ്പോൾ രൂപപ്പെടുന്ന വ്യക്തിത്വം പുതിയൊരു വീക്ഷണ കോണിലൂടെ ബാഹ്യലോകത്തെ കാണാൻ അവർക്കു പ്രേരണ നൽകുന്നു. സ്ത്രീകളെ വ്യക്തി കേന്ദ്രീകൃത കുടുംബ വ്യവസ്ഥയിൽ തളച്ചിടുമ്പോഴാണ് സാമൂഹികമായ ഉൽപാദന രംഗങ്ങളിൽനിന്ന് അവർ പിന്തള്ളപ്പെടുന്നത്. സകല മേഖലകളിലും കടന്നു കയറാനും തങ്ങളുടെ നൈപുണ്യം അടയാളപ്പെടുത്താനും കഴിഞ്ഞതിലൂടെ അറബ് വനിതകൾ മുന്നോട്ട് കുതിക്കുകയാണ്.


അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആഗോള തലത്തിൽ ചർച്ചയാവുകയാണ് സൗദി അറേബ്യയിലെ സ്ത്രീ മുന്നേറ്റം.  പുരുഷന്മാരോടൊപ്പം പൊതുരംഗത്ത് പ്രവർത്തിക്കാനുള്ള അവരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് 2015 ലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും മത്സരിക്കാനുമുള്ള അവകാശം നേടിയത്. 2017 ൽ സ്ത്രീകൾക്ക് വാഹനമോടിക്കാനുള്ള അനുമതി ലഭിക്കുകയും 2018 ൽ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതും പാസ്‌പോർട്ട് നേടുന്നതിനും രാജ്യത്തിനകത്തും പുറത്തും തനിച്ച് യാത്ര ചെയ്യാനുള്ള വിലക്ക് നീക്കുകയും ചെയ്തതോടെ സൗദി വനിതകൾക്ക് മുന്നിൽ സ്വാതന്ത്ര്യത്തിന്റെ വിശാലമായ ലോകം തുറക്കപ്പെടുകയായിരുന്നു. സൗദി വനിതകൾക്ക് പുരുഷാശ്രയ യാത്രാ സമ്പ്രദായത്തിൽനിന്നും  (മഹ്‌റം) നിന്നും മോചനമുണ്ടായത് പൊതുരംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനു വഴിയൊരുക്കി. കൂടാതെ തൊഴിൽ, വ്യവസായ, വാണിജ്യ മേഖലകളിലെല്ലാം പുരുഷന്മാരോടൊപ്പം തന്നെ സ്ഥാനമുറപ്പിക്കാൻ സ്ത്രീകൾക്ക് സാധിച്ചു. പുരുഷനും സ്ത്രീക്കും തുല്യവേതനം നടപ്പിലാക്കിയതും വിരമിക്കൽ പ്രായം 60 എന്ന് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ നടപ്പിലാക്കിയതും വനിതകളുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായി.   വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി വനിതകളെ വിവിധ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുടെ തലപ്പത്തു അവരോധിച്ചതു വഴി അഭ്യസ്ത വിദ്യരായ ധാരാളം യുവതികൾ ഈ മേഖലകളിലേക്ക് കടന്നുവന്നു.

വൈവിധ്യമാർന്ന അവരുടെ നൈപുണ്യം പ്രകടിപ്പിക്കാനുള്ള അവസരമൊരുങ്ങി. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ രാജ്യത്തിന്റെ തൊഴിൽ വാണിജ്യ വ്യവസായ മേഖലകളിൽ ഗണ്യമായ മാറ്റമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാറ്റത്തിനു പിന്നിൽ സൗദി വനിതകളുടെ അർപ്പണ ബോധം മുഖ്യ ഘടകമാണ്. പുതിയ തലമുറയിലെ സൗദി വനിതകൾക്ക് വിദ്യാഭ്യാസം നേടുന്നതിനും തൊഴിൽ ചെയ്യുന്നതിമുള്ള അഭിനിവേശം വർധിച്ചു വരുന്നതായി കാണാം.  തൊഴിലിലൂടെയോ, ചെറുകിട സംരംഭകത്വത്തിലൂടെയോ സാമ്പത്തിക സ്വാശ്രയത്വം നേടുകയും തങ്ങളുടെ നൈപുണ്യം സാമൂഹ്യ പുരോഗതിക്ക് കൂടി ഉതകുന്ന രീതിയിൽ വിനിയോഗിക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാട് സൗദി വനിതകളിൽ ഉണ്ടാക്കുന്നതിനു വിഷൻ 2030 ന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പുരുഷ കേന്ദ്രീകൃത തൊഴിൽ മേഖലകളായി കണക്കാക്കപ്പെട്ടിരുന്ന ആരോഗ്യ പരിരക്ഷ, ധനകാര്യം, ഊർജം, കൃഷി, വ്യവസായം, ശാസ്ത്രം, വൈദ്യം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ യുവതികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. സ്ത്രീശാക്തീകരണ പ്രക്രിയയിൽ ജി.സി.സി രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും അറബ് ലോകത്ത് രണ്ടാം സ്ഥാനത്തുമാണ് സൗദി അറേബ്യ. 


നിയമ നിർമാണം വഴി സഞ്ചാര സ്വാതന്ത്ര്യം, തൊഴിൽ സമത്വം, വിവാഹം, രക്ഷാകർതൃത്വം, സംരംഭകത്വം, താമസ സ്വാതന്ത്ര്യം എന്നീ കാര്യങ്ങളിൽ തുല്യത ഉറപ്പു വരുത്തിയതും തൊഴിലിടങ്ങളിലെ പീഡനം ക്രിമിനൽ കുറ്റമായി കണക്കാക്കി ശിക്ഷ ഉറപ്പു വരുത്തിയതും ഗർഭാവസ്ഥയിൽ ജോലിയിൽനിന്നും പിരിച്ചുവിടുന്നത് പോലുള്ള വ്യവസ്ഥകൾ നിയമം മൂലം നിരോധിച്ചതും സംരംഭകരായ വനിതകൾക്ക് സാമ്പത്തിക സഹായം ലഭ്യമാവുന്നതിനുള്ള വിലക്കുകൾ നീക്കിയതുമെല്ലാം സൗദി അറേബ്യയിലെ സ്ത്രീ സമൂഹത്തിനു വിപ്ലവകരമായ നേട്ടങ്ങളാണ് സമ്മാനിച്ചത്. 
രാജ്യത്തെ തൊഴിൽ മേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യം 22 ശതമാനത്തിൽനിന്നും 30 ലേക്ക് ഉയർത്തുക എന്നത് കൂടി വിഷൻ 2030 ലക്ഷ്യമിടുന്നു. സ്ത്രീ തൊഴിൽ ശക്തിയിലെ വൈവിധ്യം മൊത്തത്തിലുള്ള ഉൽപാദനക്ഷമത വർധിപ്പിക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്കു സഹായകമാക്കുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.  സ്വകാര്യ മേഖലയിൽ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ എണ്ണ, വാതകേതര വരുമാനത്തിനു അതീതമായി സമ്പദ് വ്യവസ്ഥയെ നവീകരിക്കുന്നതിനു കാരണമാകും.  ആഗോള സമൂഹത്തിൽ സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് ലോക ബാങ്ക് നടത്തിയ പഠനത്തിൽ 190 രാജ്യങ്ങളിൽ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് സൗദി അറേബ്യ. സ്ത്രീ ശാക്തീകരണത്തിന് ഉതകുന്ന സൂചകങ്ങൾ വിവിധ രാജ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് ഡബ്ല്യൂ.ബി.എൽ ഇത്തരം ഒരു കണ്ടെത്തൽ നടത്തിയത്. ഈ വർഷം നവംബറിൽ റിയാദിൽ നടക്കാനിരിക്കുന്ന വനിതാ സംരംഭകർക്കായുള്ള ജി-20 സമ്മേളനം അറേബ്യൻ വനിതാ ശാക്തീകരണത്തിനു മറ്റൊരു നാഴികക്കല്ലാകും. കൂടാതെ കലാ, സാംസ്‌കാരിക, കായിക, സിനിമാ മേഖലകളിലും വൻ മുന്നേറ്റമാണ് സൗദി വനിതകൾ നടത്തിയത്. സിനി പൊയറ്റിക്‌സ് എന്ന ജിദ്ദയിലെ വനിതാ സിനിമാ സംവിധായകരുടെ കൂട്ടായ്മ നിർമിച്ച അഞ്ചു ലഘു സിനിമകൾ ചേർന്ന ഒറ്റ സിനിമ റെഡ്‌സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
അവാർഡ് ജേതാവായ ഫീച്ചർ, ഡോക്യുമെന്ററി സിനിമാ സംവിധായിക ഹൈഫ അൽമൻസൂർ അറബ് സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ്. അന്താരാഷ്ട്ര നിലവാരമുള്ള ഗോൾഫ് ടീം, ജിദ്ദ ഈഗ്ൾസ് ഫുട്‌ബോൾ ക്ലബ്ബ് തുടങ്ങി കായികരംഗത്ത് മികച്ച സംഭാവനകളാണ് സൗദി വനിതാ കായിക താരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. 
റീമാ അൽജുഫാലി സൗദി അറേബ്യയിലെ ആദ്യത്തെ വനിത കാർറേസറും യാസ്മിൻ അൽ മൈമാനി ആദ്യത്തെ വനിതാ പൈലറ്റുമാണ്. ആയോധന കലകളിലും പർവതാരഹോണത്തിലും എന്നു വേണ്ട സമസ്ത മേഖലകളിലും തങ്ങൾ മുൻപന്തിയിൽ തന്നെയാണെന്ന് അവർ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്നു. സൗദി വനിതകൾ കുതിക്കുകയാണ്. അവർ ലോകത്തിന്റെ നെറുക സ്വപ്നം കാണുന്നു. 



 

Latest News