ചരിത്ര പുരുഷനായ കടമറ്റത്ത് കത്തനാരുടെ കഥ ഒരിക്കൽ കൂടി അഭ്രപാളികളിലേക്ക്. ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമാണം ഗോകുലം പ്രൊഡക്ഷൻസാണ്. ജയസൂര്യ നായകനാവുന്ന ഏറ്റവും ചെലവുള്ള ചിത്രമാണ് കടമറ്റത്ത് കത്തനാർ. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫിലിപ്‌സ് ആൻഡ് ദി മങ്കിപെൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും, റോജിൻ തോമസും ഒന്നിക്കുന്ന ചിത്രമാണിത്. ലയൺ കിംഗ്, ജംഗിൾ ബുക്ക് എന്നീ ചിത്രങ്ങളിൽ ഉപയോഗിച്ച അത്യാധുനിക സാങ്കേതികവിദ്യയായ വെർച്ച്വൽ റിയാലിറ്റി പ്രൊഡക്ഷൻ ആദ്യമായി മലയാളത്തിൽ ഉപയോഗിക്കുന്ന ചിത്രം കൂടിയാണ് കടമറ്റത്ത് കത്തനാർ. ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ആർ. രാമാനന്ദ്.
സാഹസികതയും അദ്ഭുതങ്ങളും നിറഞ്ഞ കടമറ്റത്ത് കത്തനാരുടെ ജീവിതം ഇതിനുമുമ്പും സിനിമയായിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് പ്രേംനസീർ നായകനായ കടമറ്റത്തച്ചൻ വൻ വിജയമായിരുന്നു. കടമറ്റത്ത് കത്തനാർ എന്ന പേരിൽ കലാനിലയം അവതരിപ്പിച്ച ഡ്രാമാസ്‌കോപ് നാടകവും പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി. പിന്നീട് കടമറ്റത്ത് കത്തനാർ എന്ന പേരിൽ ടി.വി സീരിയലും വന്നു.