ന്യൂദല്‍ഹി- നോട്ടു നിരോധനം മാവോയിസ്റ്റുകളേയും ജമ്മു കശ്മീരിലെ വിഘടനവാദികളേയും 'സാമ്പത്തിക പട്ടിണി'യിലാക്കിയെന്ന ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ വാദത്തിനെതിരായി കണക്കുകള്‍. നേരത്തെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ കല്ലേറുമായി കശ്മീരിലുടനീളം തെരുവിലിറങ്ങിയിരുന്നെങ്കില്‍ നോട്ടു നിരോധനത്തിനു ശേഷം ഇന്ന് ഇത്തരം പ്രതിഷേധ പരിപാടികള്‍ക്ക് 25 പേരെ പോലും കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ഇതുസംബന്ധിച്ച ആധികാരികമായ വിവര ശേഖരണം നടത്തുന്ന സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ കണക്കുകളും മാധ്യമ റിപ്പോര്‍ട്ടുകളും നല്‍കുന്ന ചിത്രം ജെയ്റ്റ്‌ലി പറഞ്ഞതിന് നേര്‍ വിപരീതമാണ്.
നോട്ടു നിരോധനത്തിനു ശേഷമുള്ള മാസങ്ങളിലും കല്ലേറു സംഭവങ്ങള്‍ കശ്മീരില്‍ പതിവു പോലെ അരങ്ങേറിയിട്ടുണ്ട്. കഴിഞ്ഞ മാസം പോലും ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ബുദ്ഗാം ജില്ലയില്‍ കല്ലേറു നടത്തിയ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിര്‍ത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് ജൂലൈ 21 റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനും ഒരു മാസം മുമ്പ് ഈദ് ദിവസം, ജൂണ്‍ 26-ന് ബാരാമുല്ല ജില്ലയില്‍ പന്ത്രണ്ടോളം പേര്‍ക്കാണ് പ്രതിഷേധക്കാരുടെ കല്ലേറില്‍ പരിക്കേറ്റത്. അനന്ത്‌നാഗ്, ഷോപിയാന്‍, കുല്‍ഗാം, പുല്‍വാമ ജില്ലകളില്‍ കശ്മീരിലുടനീളം ഇതേ ദിവസം നിരവധി പ്രതിഷേധങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.
കഴിഞ്ഞ റമദാന്‍ മാസം സമീപകാലത്തെ ഏറ്റവും രക്ഷരൂക്ഷിത മാസമായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ടില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു. മേയ് 28-നും ജൂണ്‍ 26-നുമിടയില്‍ വിവിധ സംഭവങ്ങളിലായി സൈന്യവും സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉള്‍പ്പെടെ 43 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. ലഷ്‌കറെ ത്വയ്ബയുടെ അനന്ത്‌നാഗ് ജില്ലാ കമാന്‍ഡര്‍ ബഷീര്‍ ലഷ്‌കരി കൊല്ലപ്പെട്ടത് ജൂലൈ ഒന്നിനായിരുന്നു. ഏതാണ്ട് 20,000 പേരാണ് ഇദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2016 നവംബര്‍ എട്ടിന് നോട്ടു നിരോധിച്ചതിനു ശേഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആക്രമണ സംഭവങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്. 2016 നവംബര്‍ ഒമ്പതിനും 2017 ഓഗസ്റ്റ് 13-നുമിടയിലെ കണക്കുകള്‍ പ്രകാരം, സൈനികരുടേയും സുരക്ഷാ ഉദ്യോഗസ്ഥരുടേയും സാധാരണക്കാരുടേയും മരണങ്ങളിലേക്കു നയിച്ച 93 ആക്രമണ സംഭവങ്ങളാണ് കശ്മീരിലുണ്ടായിട്ടുള്ളത്. ഇതിനു തൊട്ടുമുമ്പത്തെ വര്‍ഷം (2015 നവംബര്‍ ഒമ്പതു മുതല്‍ ഓഗസ്റ്റ് 13, 2017 വരെ) ഇത്തരത്തിലുള്ള 70 സംഭവങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ. ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെട്ട 60 ആക്രണ സംഭവങ്ങളാണ് നവംബര്‍-ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഉണ്ടായത്. എന്നാല്‍ അതിനു തൊട്ടുമുന്നിലെ വര്‍ഷം ഇത് കണക്കുകളില്‍ 60 മാത്രമായിരുന്നു.