Sorry, you need to enable JavaScript to visit this website.

യെസ് ബാങ്ക് തകർച്ച; ഇടപാടുകാർ പണം പിൻവലിക്കാൻ നെട്ടോട്ടത്തിൽ

സാമ്പത്തിക തിരിമറി മൂലം പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ ഇടപാടുകാർ പണം പിൻവലിക്കാൻ നെട്ടോട്ടമോടുന്നു. പണത്തിനായി എ.ടി.എമ്മുകളിൽ വൻ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ എ.ടി.എമ്മുകളെല്ലാം കാലിയായ അവസ്ഥയിലാണ്. ഇതോടെ ഭൂരിഭാഗം ഇടപാടുകാർക്കും മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലും എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനായില്ല.


അതിനിടെ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ബാങ്കിലെ വായ്പാ ഇടപാടുകൾ സംബന്ധിച്ച സംശയങ്ങളെ തുടർന്നാണ് അറസ്റ്റ്. ഇതോടനുബന്ധിച്ച് റാണ കപൂറിന്റെയും മക്കളുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധനയും നടത്തി.
കള്ളപ്പണം തടയൽ നിയമപ്രകാരമാണ്  നടപടി. പരിശോധനയിൽ യെസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഡി.എച്ച്.എഫ്.എലിന് യെസ് ബാങ്ക് നൽകിയ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിഷ്‌ക്രിയ ആസ്തിയായി മാറിയിരുന്നു. ചില കോർപറേറ്റുകൾക്ക് വായ്പ അനുവദിച്ചതിലും പി.എഫ് ഫണ്ട് തിരിമറികളുമൊക്കെ റാണാ കപൂറിന് പങ്കുണ്ടെന്നാണ് സംശയം. 


ഇടപാടുകാർക്ക് അര ലക്ഷം രൂപ പിൻവലിക്കാം എന്നായിരുന്നു റിസർവ് ബാങ്ക് നിർദേശം. ചെക്ക് ഉപയോഗിച്ച് ബാങ്ക് ബ്രാഞ്ചുകളിൽ നിന്ന് പണം പിൻവലിച്ചവർക്ക് തടസ്സങ്ങൾ ഉണ്ടായില്ലെന്ന് പറയുന്നു. അതേസമയം എ.ടി.എമ്മുകൾ കാലിയായത് ഇടപാടുകാരിൽ വലിയ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടതോടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. 
ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡുകളും മീൽ കാർഡുകളും പ്രവർത്തിക്കുന്നില്ലെന്ന് പരാതിയുണ്ട്. 
യെസ് ബാങ്കിന്റെ ചെക്കുകൾ ചിലയിടങ്ങളിൽ എടുക്കാത്ത സാഹചര്യവും നിലവിലുണ്ട്. ദൽഹി പാർലമെന്റ് സ്ട്രീറ്റിലെ ഒരു പോസ്റ്റ് ഓഫീസിൽ യെസ് ബാങ്കിലെ ചെക്കുകൾ ക്ലിയർ ചെയ്യുന്നതല്ലെന്ന് നോട്ടീസ് പതിച്ചിട്ടുണ്ട്. ഇടപാടുകാർക്ക് പേടിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് റിസർവ് ബാങ്ക് നിയമിച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രശാന്ത് കുമാർ പറയുന്നത്. ഏപ്രിൽ മൂന്നിന് മുൻപ് ബാങ്കിന്റെ പ്രവർത്തനം സാധാരണ നിലയിലാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 


ബാങ്കിലെ 49 ശതമാനം ഓഹരികൾ എസ്.ബി.ഐ ഏറ്റെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന. പത്തു രൂപ വിലയുളള 245 കോടി ഓഹരികൾ ഏറ്റെടുക്കാനാണ് എസ്.ബി.ഐ നീക്കം. 2450 കോടിയാണ് ഇതിനായി ചെലവഴിക്കുകയെന്ന് എസ്.ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ കാര്യത്തിൽ ദീർഘകാലത്തേക്കുള്ള പദ്ധതി ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരു വർഷത്തേക്ക് ജീവനക്കാരെ ആരെയും പിരിച്ചുവിടില്ലെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അതേ വേതനത്തോടെ ജീവനക്കാർക്ക്ുചുരുങ്ങിയത് ഒരു വർഷമെങ്കിലും തുടരാനാവും. 


വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകർത്തതെന്ന് റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് കോടികൾ എത്തിയതിന്റെ രേഖ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായാണ് സൂചന. കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസർവ് ബാങ്ക് ഏറ്റെടുത്തത്. 

 

Latest News