Sorry, you need to enable JavaScript to visit this website.

ബൈക്കില്ലാത്തതിനാല്‍ കാമുകി കളിയാക്കി; യുവാവ് കള്ളനായി

ന്യൂദല്‍ഹി- കണ്ണില്ലാത്ത പ്രണയം ഒരാളെ കള്ളനുമാക്കാം. ബൈക്കില്ലാത്തതിന് കാമുകി പരിഹസിച്ചതിനെ തുടര്‍ന്നാണത്രെ എട്ട് ബൈക്കുകള്‍ മോഷ്ടിച്ച  യുവാവ് പോലീസ് പിടിയിലായി. ഭഗവതിവിഹാറില്‍ താമസിക്കുന്ന 20 കാരന്‍ ലളിത് കുമാറാണ് അറസ്റ്റിലായത്.  മോഷണത്തിന് സഹായിച്ച സുഹൃത്ത് ബിന്ദാപൂരില്‍ താമസക്കാരനായ സഹീദും (22) പിടിയിലായി.

കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ബൈക്കില്ലാത്തതിന്റെ പേരില്‍ ലളിത് കുമാറിനെ കാമുകി പരിഹസിച്ചത്. ഇതേ തുടര്‍ന്നാണ് സഹീദുമായി ചേര്‍ന്ന് ബൈക്കുകള്‍ മോഷ്ടിക്കാനിറങ്ങിയതെന്ന് ലളിത് പോലീസിനോട് സമ്മതിച്ചു. എട്ട് ബൈക്കുകള്‍ മോഷ്ടിച്ച സംഘം അടുത്ത മോഷണത്തിന് പദ്ധതിയിടുന്നതിനിടെയാണ്  ദ്വാരക ഏരിയയില്‍ നിന്ന് പോലീസിന്റെ പ്രത്യേക സംഘത്തിന്റെ വലയിലായത്.

ബൈക്കുകള്‍ മോഷണം പോകുന്ന പരാതികള്‍ വര്‍ധിച്ചതോടെ നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തി. നമ്പര്‍പ്ലേറ്റ് ഇല്ലാതെ ലക്ഷങ്ങള്‍ വിലയുള്ള ബൈക്കില്‍ രണ്ടുപേര്‍ സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും ചെയ്തു. ഈ വിവരത്തെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ലളിതും സഹീദും അറസ്റ്റിലായത്.

ബൈക്ക് വിശദമായി പരിശോധിച്ചപ്പോള്‍  ഫെബ്രുവരി 21 ന് ദല്‍ഹിയിലെ ബിന്ദാപുരില്‍ നിന്ന് മോഷണം പോയ 1.8 ലക്ഷം വിലയുള്ള ബൈക്കാണിതെന്ന് വ്യക്തമായി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ തങ്ങള്‍ ഏഴ് ബൈക്കുകള്‍ കൂടി മോഷ്ടിച്ചിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ഒമ്പതാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ലളിത് കുമാര്‍ ബിഹാര്‍ സ്വദേശിയാണ്.

 

Latest News