ബെംഗളൂരു- 10 കോടി വിലവരുന്ന മയക്കുമരുന്ന് ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വിദേശ വനിതയെ പിടികൂടി. ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 33കാരി അറസ്റ്റിലായത്. ഗ്വാട്ടിമാല പൗരയായ ഹെരേര വെന്സ്വര സില്‍വിയ യുവതിയെ മാര്‍ച്ച് രണ്ടിനാണ് കസ്റ്റംസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബ്രസീലിലെ ഗൗരുലോസ് വിമാനത്താവളത്തില്‍ നിന്നാണ് യുവതി എത്യോപ്യന്‍ വിമാനത്തില്‍ ബെംഗളൂരുവിലെത്തിയത്. ബെംഗളൂരുവിലെത്തിയ യുവതി നടക്കുന്നതില്‍ അസ്വഭാവികത തോന്നിയപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്.
മയക്കുമരുന്ന് ഗുളികളും കൊക്കെയ്ന്‍ ട്യൂബിനുള്ളിലാക്കിയും ഇവര്‍ ശരീരത്തിനുള്ളിലാക്കി കടത്തുകയായിരുന്നു. എക്സ് റേ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ട്യൂബുകളും കൊക്കെയ്നും ശരീരത്തിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് യുവതിയെ കോടതിയില്‍ ഹാജരാക്കിയത്.