ന്യുദല്‍ഹി- പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ കാലതാമസമെടുക്കുന്ന പ്രക്രിയയാണ് അപേക്ഷകന്റെ വിലാസവും ബന്ധപ്പെട്ട പോലീസ് രേഖകളും പരിശോധിക്കുന്ന പ്രക്രിയ. ഓണ്‍ലൈനായി അപേക്ഷ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെങ്കിലും ഈ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കണമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സംവിധാനത്തില്‍ പാസ്‌പോര്‍ട്ട് അപേക്ഷകരുടെ പോലീസ്, മേല്‍വിലാസ പരിശോധനകളും ഇനി ഓണ്‍ലൈനായി നടത്താന്‍ കഴിയും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റം (സിസിടിഎന്‍എസ്) വഴിയാണ് ഇത് സാധ്യമാകുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേക ഉപകരണവുമായി അപേക്ഷകന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് വെരിഫിക്കേഷന്‍ നടത്തുക. ഏതാനും ക്ലിക്കുകള്‍ മാത്രമെ ഇതിനു വേണ്ടതുള്ളൂ. ഇതിനായി അപേക്ഷകര്‍ പോലീസ് സ്റ്റേഷനിലേക്കു പോകുകയോ കൈക്കൂലി നല്‍കുകയോ വേണ്ടതില്ല. പോലീസ് അപേക്ഷകനെ കുറിച്ച് അന്വേഷണം നടത്തി ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. ഇത് പൂര്‍ത്തിയാകാന്‍ ഒന്നോ രണ്ടോ ആഴ്ച സമയമെടുക്കും. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കി ഒരു ക്ലിക്കിലൂടെ തന്നെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിലെത്തിക്കാന്‍ കഴിയും. ഇതു പൂര്‍ണതോതില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
സി.സി.ടി.എന്‍.എസ് മുഖേന ഓണ്‍ലൈനായി പോലീസ് പരാതികള്‍ നല്‍കാനും സംവിധാനമുണ്ട്. digitalpolice.gov.inഎന്ന പോര്‍ട്ടലിലൂടെയാണ് ഇതു സാധ്യമാകാകു. ഉദാഹരണത്തിന്, അജ്ഞാത വാഹനമിടിച്ചു തെറിപ്പിച്ചു പോയാല്‍ ലഭ്യമായ തെളിവുകള്‍ വച്ച് ഈ സംവിധാനത്തില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. ഇതു കുറ്റക്കാരെ കണ്ടെത്താന്‍ വേഗത്തില്‍ സഹായിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മഹര്‍ഷി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ ഒമ്പതു സേവനങ്ങളാണ് ഈ പോര്‍ട്ടല്‍ വഴി സാധാരണക്കാര്‍ക്ക് ലഭിക്കുക.
നിലവില്‍ 14,000 പോലീസ് സ്റ്റേഷനുകള്‍ സിസിടിഎന്‍എസ് സോഫ്‌റ്റ്വെയര്‍ മുഖേന ഈ പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. 136 ലക്ഷം എഫ് ഐ ആറുകള്‍ ഇതിനകം ഈ പോര്‍ട്ടലില്‍ ലഭ്യമാക്കി. 5.8 കോടി പഴയ കേസ് രേഖകളും ഡിജിറ്റൈസ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.