ബംഗളൂരു- ഏറെ വിവാദമായ പൗരത്വ നിയമത്തെ വിമർശിച്ച് സ്കൂളിൽ നാടകം അവതരിപ്പിച്ച സംഭവത്തിൽ രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. ഇക്കഴിഞ്ഞ ജനുവരി 21ന് ബീദറിലെ ഷഹീൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ സ്കൂളിലെ കുട്ടികൾ പൗരത്വ നിയമ ഭേദഗതിക്കെതിരായ നാടകം അവതരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നാല്, അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ അവതരിപ്പിച്ച നാടകത്തിൽ രാജ്യദ്രോഹം വ്യക്തമാക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് ബിദറിലെ ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കി. കുട്ടികൾ അവതരിപ്പിച്ച നാടകത്തിലെ ഉള്ളടക്കവും സംഭാഷണങ്ങളും വിദ്വേഷം ജനിപ്പിക്കുന്നതോ ഭരണകൂടത്തിന് എതിരായതോ അല്ല. നാടകം സമൂഹത്തിൽ ഒരുവിധത്തിലുമുള്ള അനൈക്യവും ഉണ്ടാക്കുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ കേസിൽ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന 124എ വകുപ്പ് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രേഖകൾ കാണിക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യം വിടേണ്ടിവരുമെന്നാണ് നാടകത്തിൽ പറയുന്നത്. ഇതിൽ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന ഒന്നും ഉള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കേസ് പരിഗണിച്ച ജില്ലാ ജഡ്ജി മനഗോളി പ്രേമാവതി നിരീക്ഷിച്ചു. തുടർന്നാണ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അഞ്ച് മാനേജ്മെന്റ് പ്രതിനിധികൾക്ക് കോടി ജാമ്യം അനുവദിച്ചത്.
നാല്, അഞ്ച്, ആറ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ അവതരിപ്പിച്ച നാടകത്തിൽ ധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മോശം പരാമർശങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് നടപടി സ്വീകരിച്ചത്. നാടകം അവതരിപ്പിച്ചതിന് ശേഷം അഞ്ച് ദിവസങ്ങൾ കഴിഞ്ഞായിരുന്നു സ്കൂളിനെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. നാടകത്തിന്റെ ഭാഗമായ കുട്ടികളെയുൾപ്പെടെ പോലീസ് ചോദ്യം ചെയ്യുന്ന സ്ഥിതിയും ഉണ്ടായി. കുട്ടികൾക്കെതിരായ നടപടികളുടെ പേരിൽ വ്യാപക വിമർശനവും ഉയർന്നിരുന്നു. കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.