ഹൈഹദരാബാദ്- ഹൈദരാബാദില്‍ കൊറോണാ വൈറസ് സ്ഥിരീകരിച്ച 24കാരനായ സോഫ്റ്റ്വെയര് എഞ്ചിനീയറുമായി സമ്പര്‍ക്കത്തില്‍ വന്ന 88 പേരില്‍ ചുരുങ്ങിയത് 36 പേര്‍ക്ക് കൊറോണാവൈറസ് ലക്ഷണങ്ങള്‍. ദുബായില്‍ നിന്നും മടങ്ങിയെത്തിയ ശേഷമാണ് ഈ യുവാവ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയത്. പിന്നാലെ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ രോഗിയില്‍ നിന്നും കൂടുതല്‍ പേരിലേക്ക് വൈറസ് പകര്‍ന്നതായാണ് സൂചന.ദുബായില്‍ നിന്നും ജോലിസ്ഥലമായ ബെംഗളൂരുവില്‍ എത്തിയ ശേഷമാണ് ബസില്‍ ഈ യുവാവ് സ്വദേശമായ ഹൈദരാബാദില്‍ എത്തിയത്. ഇയാളുടെ സമ്പര്‍ക്കത്തില്‍ വന്ന 45 പേരെ ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റി. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെ അവരുടെ വീടുകളില്‍ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 36 രോഗികളുടെ പരിശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് അധികൃതര്‍.
ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ സഹയാത്രികരും, കുടുംബാംഗങ്ങളും ഈ 36 പേരില്‍ ഉള്‍പ്പെടുന്നതായി കൊറോണാവൈറസ് ഡിറ്റന്‍ഷന്‍ നോഡല്‍ ഓഫീസര്‍ വിജയ് കുമാര്‍ വ്യക്തമാക്കി. ലക്ഷണങ്ങള്‍ കാണുന്ന എത്ര പേര്‍ക്ക് യഥാര്‍ത്ഥത്തില്‍ വൈറസ് ബാധയുണ്ടെന്ന് തിരിച്ചറിയാന്‍ പരിശോധനാ ഫലം ലഭിക്കണം.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ടെക് പാര്‍ക്കിലെ ഐടി ജീവനക്കാരനായ യുവാവ് പേയിംഗ് ഗസ്റ്റായാണ് താമസിക്കുന്നത്. ഫെബ്രുവരി 15ന് ജോലിസംബന്ധമായാണ് ഇദ്ദേഹം ദുബായിലേക്ക് യാത്ര ചെയ്തത്. ഫെബ്രുവരി 20ന് തിരിച്ചെത്തിയ ഈ ഐടി പ്രൊഫഷണല്‍ രണ്ട് ദിവസം ഓഫീസിലുമെത്തി. ഇതിന് ശേഷമാണ് ഹൈദരാബാദിലേക്ക് പോയത്. തിങ്കളാഴ്ച ഈ യുവാവിന്റെ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റുള്ളവരെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയത്.