ന്യൂയോര്‍ക്ക്- പുതിയ കൊറോണ വൈറസ് കോവിഡ് 19 ഉയര്‍ത്തിയ ഭീതി മുതലെടുക്കാന്‍ സൈബര്‍ കുറ്റവാളികള്‍ രംഗത്തുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)മുന്നറിയിപ്പ് നല്കി.
സംഘടനയുടെ പ്രതിനിധികളാണെന്ന വ്യാജേന ആളുകളെ കബളിപ്പിക്കുകയും അപകടകരമായ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുകയും ഇതുവഴി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയുമാണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്.
ഇ മെയില്‍, ഫോണ്‍, ടെക്സ്റ്റ് മെസേജ്, വ്യാജ വെബ്സൈറ്റ് എന്നിവ വഴിയാണ്
സുരക്ഷാ നടപടികള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ ന്ധപ്പെടുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് ആരെങ്കിലും ബന്ധപ്പെട്ടാല്‍ അയാളുടെ ആധികാരികത പരിശോധിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയുന്നതിന് ഒരിക്കലും ആരോടും ലോഗിന്‍ ചെയ്യാന്‍ പറയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. http://www.who.int എന്ന ഔദ്യോഗിക വെബ്സൈറ്റിലല്ലാതെ ഇത്തരം ആവശ്യങ്ങള്‍ക്കായി മറ്റൊരു ലിങ്കുകളും സന്ദര്‍ശിക്കരുത്.
ലോകാരോഗ്യ സംഘടന ഒരിക്കലും ലോട്ടറികള്‍ സംഘടിപ്പിക്കുകയോ ജോലിക്ക് അപേക്ഷിക്കാന്‍ പണം ആവശ്യപ്പെടുകയോ ചെയ്യില്ല. അടിയന്തിര പദ്ധതികള്‍ക്കും ഫണ്ടുകള്‍ക്കും വേണ്ടി തങ്ങള്‍ ഒരിക്കലും പണം ആവശ്യപ്പെടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകാരോഗ്യ സംഘടനയുടേതെന്ന പേരില്‍ ആരെങ്കിലും ബന്ധപ്പെട്ടാല്‍ ഡബ്ല്യുഎച്ച്ഒയുമായി നേരിട്ട് ബന്ധപ്പെട്ട് നിജസ്ഥിതി പരിശോധിക്കണമെന്നും സംഘടന നിര്‍ദേശിച്ചു.
സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളായ ചെക്ക് പോയിന്റ് റിസര്‍ച്ചും ക്വിക്ക്ഹീലും കോറോണ ഭീതി മുതലെടുക്കുന്ന സൈബര്‍ തട്ടിപ്പുകാരെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.