Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് ഒരു കാര്യത്തിലും ആത്മാര്‍ഥതയില്ല -ശിവസേന 

മുംബൈ- ബിജെപിയും, ശിവസേനയും തമ്മില്‍ ശിവജി മഹാരാജാവിന്റെ പേരില്‍ വടംവലി. ഔറംഗാബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ആവശ്യപ്പെട്ടതാണ് ശിവസേനയെ ചൊടിപ്പിച്ചത്. സംസ്ഥാനത്ത് അധികാരത്തില്‍ ഇരിക്കുമ്പോള്‍ ഈ പേരുമാറ്റം നടപ്പാക്കാത്തതിന് അവര്‍ ബിജെപിയെ വിമര്‍ശിച്ചു.
സേനാ സ്ഥാപകനായ ബാല്‍ താക്കറെ 25 വര്‍ഷം മുന്‍പ് തന്നെ ഔറംഗാബാദിന് സാംബാജി നഗര്‍ എന്ന് പേര് നല്‍കി പൊതുപ്രഖ്യാപനം നടത്തിയതാണെന്ന് ശിവസേന ഓര്‍മ്മിപ്പിച്ചു. വീര്‍ സവര്‍ക്കറിനെയും, മറാത്ത രാജാവ് ശിവാജിയെയെയും വെറും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായാണ് ബിജെപി ഉപയോഗിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി.
സേന അംഗങ്ങള്‍ ഛത്രപതി ശിവജിയുടെയും, ഛത്രപതി സാംബാജിയുടെയും പിന്‍ഗാമികളാണെന്ന് അവര്‍ മുഖപത്രമായ സാമ്‌നയില്‍ അവകാശപ്പെട്ടു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അലഹബാദ്, ഫൈസാബാദ് എന്നിവിടങ്ങളുടെ പേരുകള്‍ മാറ്റിയപ്പോള്‍ മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തില്‍ വന്നിട്ട് പോലും ഔറംഗാബാദിന്റെ പേര് മാറ്റാന്‍ സാധിച്ചില്ലെന്ന് കുറ്റപ്പെടുത്തി.
'മഹാരാഷ്ട്രയില്‍ ബിജെപിയുടെ പെരുമാറ്റത്തിനും സംസാരത്തിനും അര്‍ത്ഥം ബാക്കിയില്ല. ഫഡ്‌നാവിസിന്റെ പാത പിന്തുടര്‍ന്ന് ചന്ദ്രകാന്ത് പാട്ടീല്‍ അനാവശ്യമായി സംസാരിക്കുകയാണ്. ഔറംഗാബാദിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. എന്ത് കൊണ്ടാണ് അധികാരത്തിലുള്ളപ്പോള്‍ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയാതെ പോയത്?', സേന ചോദിച്ചു.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര വികാസ് അഘഡി സഖ്യം ഭരണത്തില്‍ ഇരിക്കുമ്പോള്‍ ഇത്തരമൊരു പേരുമാറ്റം ആവശ്യപ്പെടുന്നത് സമ്മര്‍ദത്തിന് കാരണമാകുമെന്ന് ബിജെപിക്ക് വ്യക്തമായി അറിയാം. അടുത്ത മാസം പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ ഇരിക്കവെയാണ് ബിജെപി വിഷയം എടുത്ത് ഉപയോഗിക്കുന്നത്.

Latest News