Sorry, you need to enable JavaScript to visit this website.

ചൈനയുടെ പിൻമാറ്റം റബർ ഉൽപാദക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കാം


രാജ്യാന്തര റബർ വിപണിയിൽ നിന്നും ചൈനയുടെ താൽക്കാലിക പിൻമാറ്റം റബർ ഉൽപാദക രാജ്യങ്ങളെ പ്രതിസന്ധിയിലാക്കാം. ആഗോള തലത്തിൽ എറ്റവും കൂടുതൽ റബർ ഇറക്കുമതി നടത്തുന്നത് ചൈനയാണ്. പുതിയ സാഹചര്യത്തിൽ തായ്‌ലന്റിൽ നിന്നുള്ള കയറ്റുമതി കുറയുമെന്ന സൂചനയാണ് ലഭ്യമാവുന്നത്. ഇത് ഇന്തോനേഷ്യ, മലേഷ്യൻ റബർ മാർക്കറ്റുകളെയും ബാധിക്കാം. നിക്ഷേപകർ ടോകോം എക്‌സ്‌ചേഞ്ചിൽ റബറിൽ ലാഭമെടുപ്പ് നടത്തി. നിക്ഷേപം ചുരുങ്ങിയാൽ വിപണി ഊഹക്കച്ചവടക്കാരുടെ നിയന്ത്രണത്തിലാവും. റബർ മെയ് അവധി കിലോ 189 യെന്നിൽ നിന്ന് 172 യെന്നായി. പുതിയ സാഹചര്യത്തിൽ ടോകോമിൽ റബർ 164-156  യെന്നിലേക്ക് പരീക്ഷണങ്ങൾക്ക് ശ്രമിക്കാം. എന്നാൽ ജാപനീസ് യെൻ വിനിമയ വിപണിയിൽ തളർന്നാൽ റബർ വില വീണ്ടും ഉയരാം. 


വിദേശത്തെ ഓരോ ചലനവും ഇന്ത്യയിലും സ്വാധീനം ചെലുത്തുമെന്നതിനാൽ കർഷകരും സ്‌റ്റോക്കിസ്റ്റുകളും കരുതലോടെ ചുവട് വെച്ചാൽ മാത്രമേ ഓഫ് സീസണിലെ വിലക്കയറ്റം ഉറപ്പ് വരുത്താനാവൂ. പോയ വാരം നാലാം ഗ്രേഡിന് ടയർ ലോബി 200 രൂപ കുറച്ച് 13,400 രൂപയാക്കി. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 12,800 രൂപയായി. ടാപ്പിങ് നിലച്ചതിനാൽ വ്യവസായികൾ തിടുക്കം കാണിക്കാതെയാണ് ഷീറ്റ് സംഭരിച്ചത്. ഏലം ഉൽപാദകരും സ്‌റ്റോക്കിസ്റ്റുകളും മെച്ചപ്പെട്ട വിലക്കായി ലേലത്തിനുള്ള ചരക്ക് നീക്കം കുറച്ചത് അനുകൂല ഫലം ഉളവാക്കുന്നു. ലേലത്തിൽ വരവ് 10 ടൺ വരെയായി ചുരുങ്ങി. ഓഫ് സീസണായതിനാൽ ആഭ്യന്തര വിദേശ ഡിമാന്റിൽ നിരക്ക് വീണ്ടും ഉയരാം. എന്നാൽ അവധിയിലെ വിൽപന സമ്മർദം മുന്നേറ്റത്തിന് തടസ്സമാവുന്നു. ഏലം അവധി വില 2882 രൂപയിലാണ്, ഇത് 3020 മറികടന്നാൽ വീണ്ടും കുതിപ്പിന് അവസരം ലഭിക്കും. തേക്കടിയിൽ വാരാരംഭം കിലോ 3266 വരെ താഴ്ന്ന ഏലം പിന്നീട് ചെറിയ അളവിൽ മെച്ചപ്പെട്ട് 3500 മുകളിലാണ്. അറബ് രാജ്യങ്ങളിൽ നിന്നും അന്വേഷണങ്ങളുണ്ട്. 


ഇന്ത്യൻ ചുക്കിന് വൻ വിദേശ ഓർഡറുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി മേഖല. രാജ്യാന്തര ചുക്ക് വിപണിയിൽ നിന്നുള്ള  ചൈനയുടെ അകൽച്ച നമ്മുടെ ചുക്കിന് ഡിമാന്റ് ഉയർത്താം. ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് എത്തിയ ചുക്ക് സംഭരിക്കാൻ വാങ്ങലുകാർ ഉത്സാഹിച്ചു. കൊച്ചിയിൽ വിവിധയിനം ചുക്ക് 24,500 27,500 രൂപ. 
ആഭ്യന്തര ഡിമാന്റ് മങ്ങിയത് കുരുമുളകിനെ തളർത്തി. കൊച്ചിയിൽ വരവ് ചുരുങ്ങിയെങ്കിലും വാങ്ങൽ താൽപര്യം ഉയരാഞ്ഞതിനാൽ ക്വിന്റലിന് 800 രൂപ ഇടിഞ്ഞു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ബ്രസീലിയൻ കുരുമുളകിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബ്രസീലിൽ ടണ്ണിന് 1800 ഡോളറിന് വാഗ്ദാനം ചെയ്തു. കൊച്ചിയിൽ അൺ ഗാർബിൾഡ് 31,000 രൂപ. 


സ്വർണം റെക്കോർഡ് പ്രകടനങ്ങൾക്കു ശേഷം അൽപം തളർന്നു. പവൻ 31,480 രൂപയിൽ നിന്ന് 32,000 വരെ ഉയർന്ന ശേഷം വാരത്തിന്റെ രണ്ടാം പകുതിയിൽ 31,520 ലേക്കും ശനിയാഴ്ച 31,040 ലേക്കും ഇടിഞ്ഞു. ഗ്രാമിന് വില 3880 രൂപ.  സാമ്പത്തിക മേഖലയെ ബാധിച്ച മരവിപ്പ് കണ്ട് ഫണ്ടുകൾ സ്വർണത്തിലെ നിക്ഷേപം ഉയർത്തി. ന്യൂയോർക്കിൽ ടോയ് ഔൺസിന് 1644 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ സ്വർണം 1689 ഡോളർ വരെ കുതിച്ചു. സ്വർണത്തിന്റെ തിളക്കത്തിനിടയിൽ ഓപറേറ്റർമാർ ലാഭമെടുപ്പിന് വാരാവസാനം മത്സരിച്ചതോടെ നിരക്ക് 1566 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോൾ സ്വർണം 1585 ഡോളറിലാണ്.  

Latest News