Sorry, you need to enable JavaScript to visit this website.

എടിഎ കാർനെറ്റിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: ഫിക്കി ശിൽപശാല

എടിഎ കാർനെറ്റിനെക്കുറിച്ച് നടത്തിയ ബോധവൽക്കരണ ശിൽപശാല കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കസ്റ്റംസ് ഡ്യൂട്ടിയടയ്ക്കാതെ സാധനങ്ങൾ താൽക്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകർക്ക് അനുവാദം നൽകുന്ന എടിഎ കാർനെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താൻ വ്യവസായ സംരംഭകരും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയും (ഫിക്കി) ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു. 
എടിഎ കാർനെറ്റിനെക്കുറിച്ച് സമൂഹത്തിൽ ശരിയായ അവബോധമുണ്ടാകണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) സുമിത് കുമാർ അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങൾ വലിയ തോതിൽ ലഘൂകരിക്കാൻ എടിഎ കാർനെറ്റ് ഉപകരിക്കും. കസ്റ്റംസ് ഡ്യൂട്ടിയോ ഒന്നുമില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്‌സിബിഷൻ സമാഗ്രികളുമെല്ലാം നിശ്ചിത കാലയളവിൽ എത്ര രാജ്യങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും എടിഎ കാർനെറ്റ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സാധിക്കുമെന്ന് സുമിത് കുമാർ പറഞ്ഞു.


എടിഎ കർനെറ്റ് സർട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ദൽഹിയിലെ എ ഡി ബി കൺസൾട്ടന്റ് സതീഷ് കുമാർ റെഡ്ഢി പറഞ്ഞു. ഇതിന്റെ പൈലറ്റ് വർക്ക് നടന്നുവരികയാണെന്നും ഇത് പൂർത്തിയാകുന്നതോടെ ഇലക്ട്രോണിക് കാർഡുകളുടെ രൂപത്തിൽ എടിഎ കാർനെറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എടിഎ കാർനെറ്റിന്റെ സാധ്യതകൾ വ്യവസായ സമൂഹത്തിന് ഇനിയും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വിദേശ വാണിജ്യ വകുപ്പ് ജോയന്റ് ഡയറക്ടർ ജനറൽ കെ.എം ഹരിലാൽ ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ഏറ്റവും നൂതനമായ യന്ത്രസാമഗ്രികളും ലബോറട്ടി ഉപകരണങ്ങളും മറ്റും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടേക്ക് കൊണ്ടുവരാനും ഒരു വർഷത്തെ ഉപയോഗത്തിന് ശേഷം തിരിച്ചേൽപിക്കാനും സാധിക്കും. ഇത്തരം സാധ്യതകൾ വ്യവസായ സമൂഹം പ്രയോജനപ്പെടുത്താൻ തയാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 74 രാജ്യങ്ങളിൽ അംഗീകാരമുള്ള എടിഎ കാർനെറ്റിന്റെ ഇന്ത്യയിലെ ഗാരണ്ടി അതോറിറ്റി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാനും കിംസ് ഹെൽത്ത് കെയർ സിഎംഡിയുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. 


തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്എൻ രഘു ചന്ദ്രൻ നായർ, കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി ദക്ഷിണ മേഖലാ പ്രസിഡന്റ് അഡ്വ. ഷിബു പ്രഭാകരൻ. ഫിക്കി അഡീഷണൽ ഡയറക്ടർ എസ് വിജയലക്ഷ്മി, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.

Latest News