ന്യൂദല്‍ഹി- ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ലക്ഷ്യമിട്ട് ആരംഭിച്ച കലാപത്തില്‍ തീ വെച്ച് നശിപ്പിച്ച കെട്ടിടങ്ങളില്‍ ബി.ജെ.പി ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അക്തര്‍ റാസയുടെ വീടും.
വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ഭാഗീരഥി വിഹാര്‍ നല്ല റോഡിലാണ് അക്തര്‍ റാസയുടെ വീട്. ജയ് ശ്രീറാം വിളികളോടെ എത്തിയാണ് സംഘം വീടിന് തിവെച്ചതെന്ന് റാസ പറയുന്നു. ദല്‍ഹി കലാപത്തില്‍ അക്രമികള്‍ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും തീവെപ്പ് നടത്തുകയും ചെയ്തുവെന്നതിന്റെ ഒരു തെളിവ് കൂടിയാണിത്. പ്രദേശം സന്ദര്‍ശിച്ച സാമൂഹിക പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ഇക്കാര്യം ശരിവെച്ചിരുന്നു. മിക്ക ഗലികളിലും മുസ്ലിം വീടുകളും സ്ഥാപനങ്ങളും മാത്രമാണ് തകര്‍ക്കപ്പെട്ടതെന്ന് അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
ജയ് ശ്രീറാം വിളികളോട വന്ന സംഘം ആദ്യം വീടിനു നേരെ കല്ലെറിയുകയായിരുന്നുവെന്ന റാസ പറയുന്നു. പോലിസിനെ വിളിച്ചെങ്കിലം വന്നില്ല. അവിടെ നിന്ന് രക്ഷപ്പെടാനാണ് പോലിസ് പറഞ്ഞത്. ഞങ്ങള്‍ ഒരു വിധത്തില്‍ അവിടെനിന്ന് രക്ഷപ്പെട്ടു. വീട് പൂര്‍ണമായും നശിച്ചു'- റാസ പറഞ്ഞു.
അക്തര്‍ റാസയോടൊപ്പം കുടുംബവും ബന്ധുവായ സുള്‍ഫിക്കറും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഈ ലെയിനിലെ 19 മുസ് ലിംവീടുകളും കണ്ടെത്തി കലാപകാരികള്‍ കത്തിച്ചതായി അക്തര്‍ റാസ പറയുന്നു. അക്രമം നടത്തിയത് പുറത്തുനിന്നുള്ളവരാണെങ്കിലവും ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് അക്രമികള്‍ക്ക് മുസ് ലിങ്ങളുടെ വീടുകള്‍ കാണിച്ചു കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍പോലും തന്നെ വിളിക്കുകയോ തനിക്ക് എന്തെങ്കിലും നല്‍കുകയോ ചെയ്തിട്ടില്ലെന്ന് റാസ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പിയില്‍ സജീവമാണ് അക്തര്‍ റാസ.
അക്തര്‍ റാസയുടെ വീടിന് മുന്നില്‍ നിന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുസ്തഫാബാദിന് സമീപമാണ് ഭാഗീരഥി വിഹാര്‍. വലിയ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍. രാത്രി 12 മണി വരെ ഓട്ടോ ഓടിക്കാറുള്ള ഡ്രൈവര്‍മാര്‍ ഇപ്പോള്‍ വൈകീട്ട് ആറ് മണിക്ക് തന്നെ വീടണയുന്നു.