ലഖ്നൗ- പനി ഒരു രോഗമല്ലെന്നും കാലാവസ്ഥ മാറുമ്പോള്‍ ഉണ്ടാകുന്നതാണെന്നും പനിയുടെ പേരില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും യു.പി മുഖ്യമന്ത്രി ആദിത്യനാഥ്. സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ചുള്ള മരണം ഒമ്പതായിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് ഒരു രോഗം പടരുന്നുവെന്ന് കേട്ട് ആരും പരിഭ്രാന്തരാകേണ്ടെന്നും കാലാവസ്ഥാ മാറ്റം കാരണം ആളുകള്‍ക്ക് ജലദോഷവും ചുമയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഔറംഗബാദില്‍ ആരോഗ്യ മേളയുടെ ഭാഗമായി ജാപ്പനീസ് എന്‍സെഫലൈറ്റിസ് , അക്യൂട്ട് എന്‍സെഫലൈറ്റിസ് എന്നിവയെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കായി ഒരു മാസം നീണ്ടുനില്‍ക്കുന്ന വാക്സിനേഷന് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീറത്തില്‍ പന്നിപ്പനി ബാധിച്ച് ഏതാനും പേര് മരിച്ചതായി വിവരം ലഭിച്ചിരുന്നു. പനി ഒരു രോഗമല്ല. കാലാവസ്ഥ മാറുമ്പോള്‍ ചിലര്‍ക്ക് ജലദോഷം പിടിപെടുന്നു. അത് തന്നെ പനിയാണ്. ഇതിന് കാരണമാകുന്നതിനെ അടിസ്ഥാനമാക്കി നമ്മള് അതില്‍ ചിലതിനെ പന്നിപ്പനിയെന്നോ പക്ഷിപ്പനിയെന്നോ വിളിക്കും - യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്ത് പന്നിപ്പനി മരണത്തില്‍ ആറെണ്ണം മീററ്റിലാണ്. ഏതാനും പി.എ.സി ജവാന്മാര്ക്കും പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പനി പടരുകയാണെന്ന് കരുതി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ആരോഗ്യവകുപ്പ് മെച്ചപ്പെട്ട കര്‍മപദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.