ബംഗലൂരു- അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ തടവു ശിക്ഷയനുഭവിക്കുന്ന അണ്ണ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ രഹസ്യമായി ജയിലിനു പുറത്തു പോകാന്‍ അനുവദിച്ചെന്ന ആരോപണം സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തു വന്നു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിന്റെ മുഖ്യ കവാടത്തിലേക്ക് ശശികലയും ബന്ധുവും കൂട്ടുപ്രതിയുമായ ഇളവരശിയും സാധാരണ വേഷത്തില്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ട് പുറത്തു വന്ന ആഴ്ചകള്‍ക്കു ശേഷമാണ് സുപ്രധാന തെളിവ് പുറത്തായത്. ഈ ആരോപണം പോലീസും ഉന്നത ജയില്‍ ഉദ്യോഗസ്ഥരും നിഷേധിച്ചിരുന്നു.
വീഡിയോ പുറത്തു വന്നതോടെ ശശികലയേയും ഇളവരശിയേയും ജയില്‍ അധികൃതരുടെ സമ്മതത്തോടെ ജയിലിനു പുറത്തു പോകാന്‍ അനുവദിച്ചുവോ എന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി ഈ വീഡിയോ ദൃശ്യം കര്‍ണാടക പോലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
ശശികലയ്ക്ക് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നവെന്ന് നേരത്തെ ജയില്‍ ഡിഐജിയായിരുന്ന ഡി രൂപയാണ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് പരാതി നല്‍കിയത്. പരാതിയോടൊപ്പം തെളിവായി സിസിടിവി ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. ശശികലയ്ക്ക് പ്രത്യേക പരിഗണനയും ജയിലില്‍ സ്വന്തമായി അടുക്കളയും മറ്റു സംവിധാനങ്ങളും ഒരുക്കുന്നതിന് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയതായും രൂപയുടെ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ പണം ജയില്‍ ഡിജിപി സത്യനാരായണ റാവുവിന് കൈപറ്റിയതായും ആരോപണമുണ്ടായിരുന്നു. എന്നാല്‍ റാവു ഇത് നിഷേധിച്ചിട്ടുണ്ട്.
അഴിമതിക്കേസില്‍ നാലു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ശശികലയ്ക്ക് ജയിലില്‍ ഒരുക്കിയ പ്രത്യേക സൗകര്യങ്ങളെ തുറന്നു കാട്ടി നടപടി ആവശ്യപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥായായ രൂപയെ ജയില്‍ വകുപ്പില്‍ നിന്നും പിന്നീട് സ്ഥലംമാറ്റി.