താൻ പ്രതിനിധീകരിക്കുന്ന വാർഡ് സംസ്ഥാനത്തെ ആദ്യ നഗര ഹരിത വാർഡായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മുൻ പ്രവാസിയും മുക്കം നഗരസഭാ കൗൺസിലറുമായ ഷഫീഖ് മാടായി. 2003 മുതൽ ഏഴ് വർഷം അൽകോബാറിൽ ജോലി ചെയ്തിരുന്ന ഷഫീഖ് 2010 ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
അൽകോബാറിൽ ഒരു ടൂറിസം കമ്പനിയിലും പിന്നീട് ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയിലും ജോലി ചെയ്ത ശേഷം നാട്ടിലെത്തി വീണ്ടും സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമാവുകയായിരുന്നു.
വാർഡിലെ മുഴുവൻ വീടുകളിലും ജൈവമാലിന്യം സംസ്‌കരിക്കുന്നതിനുള്ള മാർഗങ്ങൾ, യൂസർ ഫീ നൽകി അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനക്ക് കൈമാറൽ, പൊതുചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ, വൃത്തിയുള്ള വീഥികളും ജലാശയങ്ങളും, ഹരിത നിയമാവലി ബോധവൽക്കരണം, എല്ലാ വീട്ടിലും പച്ചക്കറി കൃഷി എന്നിവയിലുടെ നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെയാണ് നഗരസഭയിലെ 19 ാം വാർഡായ മംഗലശ്ശേരി ഡിവിഷന് ഹരിത വാർഡ് പദവി ലഭിച്ചത്.
അവാർഡ് തന്റെ മാത്രം കഴിവു കൊണ്ട് കിട്ടിയതല്ലെന്നും കഴിഞ്ഞ ഭരണ സമിതിയുടെ കാലം മുതൽ തുടങ്ങിവെച്ച പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിലൂടെ ലഭ്യമായതാണെന്നും ഷഫീഖ് മാടായി പറഞ്ഞു. തനിക്ക് സ്വന്തമായി കൃഷി ചെയ്തു വന്നിരുന്ന ഷഫീഖ് ഇക്കൊല്ലം മൂന്നരയേക്കർ സ്ഥലം മുനിസിപ്പാലിറ്റിക്ക് വേണ്ടിയും കൃഷി ചെയ്തു. വയലുകളിൽ ചെയ്തിരുന്ന മറ്റു കൃഷികളെല്ലാം ഒഴിവാക്കി വയൽ തിരിച്ചുപിടിക്കുക എന്നതാണ് പ്രധാനമായും ചെയ്തത്. കൃഷി ആവശ്യത്തിനായുള്ള കുളം നിർമിക്കുന്നതിന് വലിയ പ്രതിസന്ധികൾ നേരിട്ടെങ്കിലും കൂട്ടായ്മയിലൂടെ അതൊക്കെ പരിഹരിച്ച് മുന്നേറാൻ കഴിഞ്ഞെന്നും ഷഫീഖ് പറഞ്ഞു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ ശേഷം മുക്കത്ത് കഴിഞ്ഞ ഭരണ സമിതിയിൽ മെംബറായിരുന്ന ഫാത്തിമ കൊടപ്പന കൺവീനറായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായാണ് മത്സരിച്ച് വിജയിച്ചത്.
കഴിഞ്ഞ ദിവസം ചേന്ദമംഗല്ലൂർ ജി.യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ജില്ലാ കലക്ടർ എസ്. സാംബശിവറാവു ഐ.എ.എസ് പ്രഖ്യാപനം നടത്തി. ഇതിന് നേതൃത്വം നൽകിയ മുനിസിപ്പാലിറ്റിയെയും ഹരിത സഹായ സ്ഥാപനമായ നിറവ് വേങ്ങേരി, വാർഡ് മെമ്പർ ശഫീഖ് മാടായി, ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഹരിത കേരളം മിഷൻ മുന്നോട്ടു വെച്ച ശുചിത്വ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം, കൃഷി എന്നിവ ഏറ്റവും പ്രധാനമാണെന്നും ജനങ്ങൾ അത് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. മാതൃകയായി പ്രവർത്തിക്കുന്ന ഹരിത കർ#െ സേനാംഗങ്ങളെയും അഭിനന്ദിച്ചു.
മുക്കം നഗരസഭാ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹരിത വാർഡായി മാറ്റുന്നതിന് നടത്തിയ പ്രവർത്തനങ്ങൾ സെക്രട്ടറി എൻ.കെ.ഹരീഷ് അവതരണം നടത്തി.
ഇതോടൊപ്പം സഞ്ചരിക്കുന്ന സ്വാപ് ഷോപ്പിന്റെയും മീൻ വാങ്ങുന്നതിന് കുടശ്ശീല ഉപയോഗിച്ച് തയാറാക്കിയ സഞ്ചി ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.പ്രകാശിന് നൽകി ഈ സഞ്ചികളുടെ വിതരണോദ്ഘാടനവും ജില്ലാ കലക്ടർ നിർവവ്വഹിച്ചു. വീൽ ചെയറിൽ ആയിട്ടും തന്റെ സർഗശേഷി കൈവിടാത്ത റീജ എന്ന യുവതി തയാറാക്കിയതാണ് ഈ സഞ്ചികൾ. അവർക്കുള്ള ഉപഹാരവും ജില്ലാ കലക്ടർ നൽകി. ഹരിത പൗരനായി തെരഞ്ഞെടുത്ത അഷ്‌റഫിനെ അഭിനന്ദിച്ചു.
ഇതോടൊപ്പം നഗരസഭാ പദ്ധതിയിൽ നൽകുന്ന ബയോഗ്യാസ് പ്ലാന്റുകളുടെ വിതരണ ഉദ്ഘാടനവും കലക്ടർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, കൗൺസിലർ ശഫീഖ് മാടായി, സുന്ദരൻ മാസ്റ്റർ, നിറവ് പ്രോജക്ട് ഡയറക്ടർ ടി.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.